നാട്ടില്‍ രോഗിയായ പിതാവിനെ കാണാനെത്തിയ പ്രവാസി മലയാളിക്ക് 2 കോടിയുടെ സമ്മാനം

Mehzooz draw winners

ദുബൈ: രോഗിയായ പിതാവിനെ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയ ദുബൈ പ്രവാസിയെ തേടി ഭാഗ്യമെത്തി. ആഴ്ച്ച തോറുമുള്ള ദുബൈ മഹ്‌സൂസ് നറുക്കെടുപ്പിലാണ് മലയാളിയായ ദീപയ്ക്ക് 10 ലക്ഷം ദിര്‍ഹം(ഏകദേശം 2 കോടി രൂപ) സമ്മാനം ലഭിച്ചത്. പുതുച്ചേരി സ്വദേശിയായ ബദരീനാഥനാണ് നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം ലഭിച്ച മറ്റൊരു ഭാഗ്യവാന്‍.

നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട ആറ് നമ്പറുകളില്‍(1-12-22-23-41-48) അഞ്ചും മാച്ച് ചെയ്ത് വന്നതോടെയാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം വീതം രണ്ടുപേര്‍ക്കും കിട്ടിയത്.

നാട്ടില്‍ കാല് കുത്തിയ ഉടനെയാണ് സമ്മാനം അടിച്ചതായുള്ള ഇമെയില്‍ ദീപയ്ക്ക് കിട്ടിയത്. ദീര്‍ഘനാളിന് ശേഷം കുടുംബത്തെ കാണുന്ന സന്തോഷത്തിലായിരുന്നു താന്‍. ഒപ്പം ഭാഗ്യം കൂടിയെത്തിയതോടെ ഇരട്ടിമധുരമായി-ദീപ പറഞ്ഞു.

പിതാവിന് സുഖമില്ലാതെയാണ് നാട്ടിലെത്തിയത്. ചികില്‍സാ ചെലവിനെക്കുറിച്ച് ആശങ്കയിലായിരുന്നു. എന്നാല്‍, മഹ്‌സൂസ് നറുക്കെടുപ്പില്‍ വിജയി ആയതോടെ ശ്വാസംനേരെ വീണുവെന്നും ദീപ അറിയിച്ചു.

50 വയസ്സുകാരിയും രണ്ട് മക്കളുടെ അമ്മയുമായ ദീപ ദുബയില്‍ മാര്‍ക്കറ്റ് റിസര്‍ച്ച കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മക്കളുടെ നല്ല ഭാവിക്ക് വേണ്ടി പണം വിനിയോഗിക്കുമെന്ന് യുഎഇയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ദീപ പറഞ്ഞു. മഹ്‌സൂസ് നറുക്കെടുപ്പില്‍ ദീപ സ്ഥിരമായി പങ്കെടുക്കാറുണ്ട്.

7 ഭാഗ്യ നമ്പര്‍
7 തന്റെ ഭാഗ്യ നമ്പറാണെന്ന് വിശ്വസിക്കുന്ന ബദരീനാഥിന് ആഗസ്ത് 7ന് നടന്ന 37ാമത് നറുക്കെടുപ്പിലാണ് ഭാഗ്യം ലഭിച്ചത്. നാട്ടിലുള്ള പ്രായമായ മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരാനാണ് ബദരീനാഥിന്റെ പദ്ധതി.

ഒന്നാം സമ്മാനം ആര്‍ക്ക് കിട്ടും?
തൊട്ടു മുമ്പത്തെ ആഴ്ച്ച ആര്‍ക്കും കിട്ടാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ശനിയാഴ്ച്ച രണ്ടാം സമ്മാനം ഇരട്ടിയാക്കി(20 ദശലക്ഷം)യതായി മഹ്‌സൂസ് പ്രഖ്യാപിച്ചത്. അതേ സമയം, ഒന്നാം സമ്മാനമായ 50 ദശലക്ഷം ദിര്‍ഹം ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ല. ആഗസ്ത് 14ന് ഒന്നാം സമ്മാന അര്‍ഹരെ തേടി വീണ്ടും നറുക്കെടുക്കും.