ദുബയ്: യുഎഇ നല്കിയ ‘സുവര്‍ണ’ സമ്മാനത്തിന് അര്‍ഹരായി രണ്ട് മലയാളി ഡോക്ടര്‍മാര്‍ കൂടി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്നണിപ്പോരാളികളായ ദുബയ് ആരോഗ്യ വിഭാഗത്തിന് കീഴില്‍ സേവനമനുഷ്ഠിക്കുന്ന 212 ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നതാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ. തിരുവനന്തപുരം വര്‍ക്കല സ്വദേശി ഡോ. ഷാജി മുഹമ്മദ് ഹനീഫും കാസര്‍കോട് ചെറുവത്തൂര്‍ പടന്ന സ്വദേശി ഡോ.സയ്യദ് അഷ്റഫ് ഹൈദ്രോസുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ച പുതിയ മലയാളികള്‍. ഇവരുടെ നേട്ടത്തില്‍ നേരത്തെ കാസര്‍കോട് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ. സി എച്ച് അബ്ദുല്‍ റഹ്മാനും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
ഡോ. ഷാജിയും ഡോ. സയ്യിദ് അഷ്റഫും ദുബയ് റാഷിദ് ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസും മംഗ്ലുരു കെഎംസിയില്‍ നിന്ന് ജനറല്‍ മെഡിസിന് വിഭാഗത്തില്‍ എംഡിയും നേടിയ ഡോ.ഷാജി പിന്നീട് ഇംഗ്ലണ്ടില്‍ ഉപരിപഠനവും നടത്തി. കഴിഞ്ഞ 24 വര്‍ഷമായി യുഎഇയിലുള്ള ഡോ.ഷാജി 2007ലാണ് ദുബയ് റാഷിദ് ആശുപത്രിയില്‍ ചേര്‍ന്നത്.
കഴിഞ്ഞ 11 വര്‍ഷമായി റാഷിദ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. സയ്യദ് അഷ്റഫ് ഹൈദ്രോസ് മൈസൂരില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. യുഎഇയില്‍ കോവിഡ് രോഗബാധിതരെ ആദ്യം ചികിത്സിച്ച ആശുപത്രികളിലൊന്നാണ് റാഷിദ് ആശുപത്രി. കോവിഡ് ചികിത്സ ആരംഭിച്ചതുമുതല്‍ രണ്ടുപേരുടെയും താമസം ഹോട്ടലുകളിലാണ്. രണ്ടാഴ്ച കൂടുമ്പോള്‍, കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. അപൂര്‍വമായാണ് വീട്ടിലേയ്ക്കുള്ള യാത്ര.
വീട്ടമ്മയായ റൈഹാനത്താണ് ഡോ.ഷാജിയുടെ ഭാര്യ. മൂത്ത മകന് ഷഫീഖ് ദുബയില്‍ എന്‍ജിനീയര്‍. മകള്‍ ഷഹാന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംഡിക്ക് പഠിക്കുന്നു. മൂന്നാമത്തെ മകന് റാഫി എം ഷാജി ബംഗളൂരുവില്‍ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി.
വീട്ടമ്മയായ ഫര്‍ഹാനയാണ് ഡോ.സയ്യദ് അഷ്റഫിന്റെ ഭാര്യ. മകന് സയ്യിദ് ഹൈദ്രോസ് അലീഫ് മംഗ്ലുരു യേനപ്പോയ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് ആദ്യ വര്‍ഷ വിദ്യാര്‍ഥി. ദുബയില്‍ വിദ്യാര്‍ഥികളായ ഫാത്തിമ അദീബ, ഹിദായ സൈനബ് എന്നിവരാണ് മറ്റു മക്കള്‍.