ഷാര്‍ജയില്‍ മിനിബസ്സ് മറിഞ്ഞ് നാല് പ്രവാസി തൊഴിലാളികള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

sharjah accident

ഷാര്‍ജ: ഷാര്‍ജയില്‍ മിനി ബസ് അപകടത്തില്‍പ്പെട്ട് നാല് നിര്‍മാണ തൊഴിലാളികള്‍ മരിച്ചു. ഒന്‍പതു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ഖോര്‍ഫക്കാനിലെ ഒരു കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരാണ്.

തൊഴിലാളികളുമായി പോകുന്ന ബസ്സ് പൊടുന്നനെ റോഡില്‍ നിന്ന് തെന്നിമാറി പല തവണ കരണം മറിയുകയുമായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി. അമിതവേഗതയാണ് അപകട കാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ ഷാര്‍ജയിലെയും സമീപപ്രദേശങ്ങളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉടന്‍ സ്ഥലത്തെത്തിയ ഷാര്‍ജ പോലീസ് പ്രത്യേക പട്രോളിങ്, എയര്‍വിങ്, ആംബുലന്‍സ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഡ്രൈവിങ് ചെയ്യുമ്പോള്‍ ശ്രദ്ധ തിരിയുന്ന ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പെടരുതെന്നും റോഡുകളിലെ വേഗപരിധി പാലിക്കണമെന്നും ഷാര്‍ജ പോലിസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു.