ദുബൈ: പ്രവാസികളോടുള്ള യുഎഇയുടെ കരുതല്‍ ഗോള്‍ഡന്‍ വിസാ രൂപത്തിലും. രക്ഷിതാക്കള്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരായ രണ്ട് അനാഥ സഹോദരിമാര്‍ക്കും അവരുടെ മുത്തശ്ശനും മുത്തശ്ശിക്കും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ദുബൈ അനുവദിച്ചു. കൂടാതെ, ദുബയിലെ കനേഡിയന്‍ യൂനിവേഴ്സിറ്റിയിലും റിപ്ടണ്‍ സ്കൂളിലും പെണ്‍കുട്ടികള്‍ക്ക് പഠനം നടത്താന്‍ മുഴുവന്‍ സ്കോളര്‍ഷിപ്പും അനുവദിച്ചു.
ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ ഇവര്‍ക്ക് ഗോള്‍ഡന്‍ വിസ കൈമാറി. പ്രമുഖ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
മാതാപിതാക്കള്‍ കൊല്ലപ്പെട്ടതോടെ സഹോദരിമാരായ പെണ്‍കുട്ടികളെ ഇവരുടെ മുത്തശ്ശനും മുത്തശ്ശിയും യുഎഇയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. സിഐഡി വിക്ടിം സപോര്‍ട് പ്രോഗ്രാമിന്റെ ഭാഗമായാണ് ജിഡിആര്‍എഫ്എയുടെ പിന്തുണയോടെ ഇവരെ ഗോള്‍ഡന്‍ കാര്‍ഡ് വിസയ്ക്ക് പരിഗണിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
ദുബയിലെ കനേഡിയന്‍ യൂനിവേഴ്സിറ്റിയിലും റെപ്റ്റണ്‍ സ്കൂളിലും ചേര്‍ന്ന് പഠിക്കാന്‍ ദുബൈ പോലിസ് പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. കൂടാതെ, ഇരുവര്‍ക്കും മുത്തശ്ശനും മുത്തശ്ശിയോടൊപ്പം താമസിക്കാന്‍ സൗകര്യവും ഏര്‍പ്പാടാക്കി.
പെണ്‍കുട്ടികളിലൊരാള്‍ക്ക് കനേഡിയന്‍ യൂനിവേഴ്സിറ്റിയില്‍ നാല് വര്‍ഷത്തെ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കാന്‍ 3 ലക്ഷത്തോളം ദിര്‍ഹമാണ് അനുവദിച്ചതെന്ന് വൈസ് ചാന്സ്ലറും പ്രസിഡന്റുമായ പ്രഫ. കരിം ചെല്ലി പറഞ്ഞു.