Thursday, December 2, 2021
HomeNewsfeedലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് മടങ്ങാം

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് മടങ്ങാം

അബൂദബി: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളുടെ രണ്ടു ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക് നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങാം. നേരത്തേ യാത്രാ വിലക്കുണ്ടായിരുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്കുള്ള തടസ്സമാണ് ഇതോടെ പൂര്‍ണമായും നീങ്ങുന്നത്. നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, നമീബിയ, സാംബിയ, ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോന്‍ഗോ, ഉഗാണ്ട, സിയേറ ലിയോണ്‍, ലിബിയ, സൗത്ത് ആഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യക്കാര്‍ക്കുള്ള വിലക്ക് ഇതോടെ ഇല്ലാതായി. ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഇതു പ്രകാരം യുഎഇയിലെ ഏത് എമിറേറ്റിലേക്കും മടങ്ങാം. നിലവില്‍ ദുബൈ മാത്രമാണ് വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ അനുമതി നല്‍കിയിരുന്നത്.

മടങ്ങിവരുന്ന യാത്രക്കാര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റീസന്‍ഷിപ്പ്(ഐസിഎ) വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അംഗീകൃത വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റ്, 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം തുടങ്ങിയവ ഹാജരാക്കണം. ബോര്‍ഡിങിന് മുമ്പ് റാപിഡ് പിസിആര്‍ ടെസ്റ്റ് എടുക്കണം. യുഎഇയില്‍ എത്തി നാലാം ദിവസവും എട്ടാം ദിവസവും വീണ്ടും പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല.

വിലക്കുള്ള രാജ്യങ്ങൡ ആറ് മാസത്തില്‍ കൂടുതലായി കഴിയുന്നവര്‍ക്കും പുതിയ എന്‍ട്രി പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ മടങ്ങി വരാവുന്നതാണ്. യുഎഇയില്‍ എത്തിയ ശേഷം രേഖകള്‍ ക്രമപ്പെടുത്തണം. വാക്‌സിനെടുക്കാത്തവര്‍ക്ക് ഈ രാജ്യങ്ങളില്‍ നിന്ന് വരുമ്പോള്‍ നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരും.

Most Popular