അബൂദാബി: തീവ്രവാദത്തെ ചെറുക്കുന്നതിനും പ്രാദേശിക സ്ഥിരത വര്‍ധിപ്പിക്കുന്നതിനും യു.എ.ഇയും യു.എസും ഒരുമിച്ച് പ്രവര്‍ത്തിക്കും. സുരക്ഷ വര്‍ധിപ്പിക്കുന്നതിനും തീവ്രവാദം ചെറുക്കുന്നതിനും സഹിഷ്ണുത വളര്‍ത്തുന്നതിനും ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കും. രാഷ്ട്രീയം, പ്രതിരോധം, നിയമനിര്‍വഹണം, അതിര്‍ത്തി സുരക്ഷ, രഹസ്യാന്വേഷണ, ഭീകരവിരുദ്ധത, മനുഷ്യാവകാശങ്ങള്‍, സാമ്ബത്തിക ശാസ്ത്രം, സംസ്‌കാരം, അക്കാദമിക്, ബഹിരാകാശ മേഖല എന്നിങ്ങനെ പല പ്രധാന മേഖലകളുമായുള്ള ബന്ധം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള തന്ത്രപരമായ സംഭാഷണം ഇരു രാജ്യങ്ങളും അംഗീകരിച്ചു. പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, സഹിഷ്ണുത പ്രോത്സാഹിപ്പിക്കല്‍, തീവ്രവാദത്തെ ചെറുക്കല്‍ തുടങ്ങിയ വിശാല ലക്ഷ്യത്തോടെ രാഷ്ട്രീയ ഏകോപനം, പ്രതിരോധ സഹകരണം, സാമ്ബത്തിക സാംസ്‌കാരിക കൈമാറ്റം തുടങ്ങിയ ഒട്ടേറെ പ്രധാന മേഖലകളും ചര്‍ച്ചയില്‍ വന്നു.
അതോടൊപ്പം വ്യാപാര നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും സാംസ്‌കാരിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും യു.എ.ഇ -യു.എസ് പങ്കാളിത്തം ലക്ഷ്യമിടുന്നു. സാംസ്‌കാരിക ഉഭയകക്ഷി കൈമാറ്റങ്ങളിലൂടെ വിദ്യാഭ്യാസം, മാധ്യമങ്ങള്‍, കല, മതപരമായ സംഭാഷണം, രാഷ്്ട്രീയ സ്ഥാപനങ്ങള്‍ എന്നിവയിലും ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം വിപുലീകരിക്കും. കൂടാതെ മികച്ച രീതികള്‍ പരസ്പരം കൈമാറുന്നതിലൂടെ മനുഷ്യക്കടത്തിനെ ചെറുക്കും. മതപരമായ വിദ്വേഷത്തെയും വംശീയ വര്‍ഗീയതയെയും നേരിടുന്നതിനും സംയുക്തമായി പ്രവര്‍ത്തിക്കും. ഇരു രാജ്യങ്ങളും നടത്തിയ ചര്‍ച്ചക്കുശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗാര്‍ഗാഷും യു.എ.ഇയിലെ യു.എസ് അംബാസഡര്‍ ജോണ്‍ റാകോള്‍ട്ട ജൂനിയറും കരാര്‍ ഒപ്പിട്ടു.
ബഹിരാകാശ മേഖലയിലെ ബന്ധങ്ങളും ഇരു രാജ്യങ്ങളും കൂടുതല്‍ ശക്തമാക്കും. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഇരു രാജ്യങ്ങളും സിവില്‍ വാണിജ്യ ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ ധാരണയായി. ബഹിരാകാശ മേഖലയിലെ സഹകരണത്തിനുള്ള അവസരങ്ങള്‍ നല്‍കാനും പദ്ധതിയിടുന്നു. അതേസമയം മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ലോക മേളയായ എക്‌സ്‌പോ 2020ല്‍ അടുത്ത വര്‍ഷം യു.എസ് പങ്കാളിത്തം ഉണ്ടാകും.