അബൂദാബി: യുഎഇയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 333 ആയി. ബുധനാഴ്ച ഏഴുപേര്‍ രോഗ മുക്തരായതായി യുഎഇ ആരോഗ്യമേഖലാ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ യുഎഇയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 52 ആയി. രാജ്യത്ത് വൈറസ് പടരാതിരിക്കാന്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെക്കുറിച്ച് അല്‍ ഹൊസാനി വിശദീകരിച്ചു. രോഗബാധിതരായ ഭൂരിഭാഗം ആളുകളും 20നും 44 നും ഇടയില്‍ പ്രായമുള്ളവരാണ്. ആളുകള്‍ വീട്ടിലിരിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കൊഴികെ പുറത്തു പോകരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രോഗബാധിതരുടെ എണ്ണം കുറയാനും കുറച്ച് സമയം വേണ്ടി വന്നേക്കാം. സര്‍ക്കാര്‍ അംഗീകാരമുള്ള പരിശോധനാ ഫലങ്ങളെ മാത്രമേ അവലംബിക്കാവൂവെന്നും വാണിജ്യ മേഖലയിലെ ഫലങ്ങള്‍ അവലംബിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.