യുഎഇയില്‍ ഗ്രീന്‍ വിസയും ഫ്രീലാന്‍സ് വിസയും വരുന്നു; 25 വയസ്സുവരെയുള്ള മക്കളെ സ്‌പോണ്‍സര്‍ ചെയ്യാം

uae new visa

ദുബൈ: പ്രവാസികളെ ആകര്‍ഷിക്കാന്‍ പുതിയ രണ്ട് വിസകളുമായി യുഎഇ. ഗ്രീന്‍ വിസ, ഫ്രീലാന്‍സ് വിസയും എന്നീ പേരുകളിലുള്ള വിസകള്‍ യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയൂദിയാണ് പ്രഖ്യാപിച്ചത്.

ഗ്രീന്‍ വിസകള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും സംരംഭകര്‍ക്കും മറ്റ് പ്രൊഫഷനലുകള്‍ക്കും റെസിഡന്‍സിയുള്ള വര്‍ക്ക് പെര്‍മിറ്റുകളാണ്. ഗ്രീന്‍ വിസക്കാര്‍ക്ക് ആണ്‍മക്കളെ അവരുടെ 25 വയസ്സുവരെ സ്‌പോണ്‍സര്‍ ചെയ്യാം. നിലവില്‍ 18 വയസ്സുവരെ മാത്രമേ ആണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കുന്നുള്ളൂ. കൂടാതെ, മാതാപിതാക്കളെയും ഇവര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാനാവും. ഫ്രീലാന്‍സ് വിസ സ്‌പോണ്‍സറുമായി ബന്ധിപ്പിക്കാതെ ആളുകളെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ്.

ഗ്രീന്‍ വിസ കമ്പനികളുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് അല്‍ സെയൂദി പറഞ്ഞു. സാധാരണയായി പ്രവാസികള്‍ക്കു ജോലി നഷ്ടപ്പെട്ടതിനുശേഷം അവരുടെ വിസ റദ്ദാക്കുകയും അവര്‍ക്ക് രാജ്യം വിടാന്‍ 30 ദിവസത്തെ സാവകാശം ലഭിക്കുകയും ചെയ്യും. അത് 90 മുതല്‍ 180 ദിവസം വരെ നീട്ടി.