കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അടിയന്തര അനുമതി നല്‍കി യുഎഇ

saudi covid vaccine

ദുബൈ: കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അടിയന്തര അംഗീകാരം നല്‍കുന്നതായി യുഎഇ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പകരാന്‍ സാധ്യതയുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കുക.

ചട്ടങ്ങളും നിയമങ്ങളും പാലിച്ച് കൊണ്ടാണ് വാക്‌സിന് അടിയന്തര അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് പറഞ്ഞു. വാക്‌സിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ പരീക്ഷണത്തില്‍ മരുന്ന് ഫലപ്രദവും സുരക്ഷിതവുമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിര്‍ദിഷ്ട ഉപാധികള്‍ പാലിച്ച്‌കൊണ്ടുള്ള ഉപയോഗത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇതുവരെയുള്ള പരീക്ഷണങ്ങളെല്ലാം വിജയകരമായാണ് മുന്നോട്ട് പോകുന്നതെന്ന് നാഷനല്‍ എമര്‍ജന്‍സി ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ട്വീറ്റ് ചെയ്തു. ട്രയല്‍ ആരംഭിച്ച് ആറ് ആഴ്ച്ചയ്ക്കകം 125 രാജ്യങ്ങളില്‍ നിന്നുള്ള 31,000 വൊളന്റിയര്‍മാര്‍ പങ്കാളികളായി. മറ്റെല്ലാ വാക്‌സിനുകളെയും പോലെ സാരമല്ലാത്തതും പ്രതീക്ഷിച്ചതുമായ പാര്‍ശ്വഫലം മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഗുരുതരമായ പാര്‍ശ്വ ഫലമൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

മാറാവ്യാധികളുള്ള 1,000 വൊളന്റിയര്‍മാരിലും വാക്‌സിന്‍ പരീക്ഷണം നടത്തിയെങ്കിലും കാര്യമായ പ്രശ്‌നമൊന്നുമുണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

UAE approves emergency use of Covid-19 vaccine