സിം കാര്‍ഡ് സ്വാപ്പ് ചെയ്ത് തട്ടിപ്പ്; ബാങ്ക് 4.7 ദശലക്ഷം ദിര്‍ഹം അടക്കണം

ദോഹ: സിം കാര്‍ഡ് സ്വാപ്പ് ചെയ്ത് യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ യുഎഇയിലെ പ്രദേശിക ബാങ്ക് 4.7 ദശലക്ഷം ദിര്‍ഹം തിരികെ നല്‍കണമെന്ന് കോടതി വിധി. ബാങ്ക് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ജീവിത സമ്പാദ്യമായിരുന്നു 4.7 ദശലക്ഷം റിയാല്‍. ഇത് തട്ടിയെടുക്കപ്പെട്ടതില്‍ ബാങ്കിന് ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബയ് കൊമേഴ്ഷ്യല്‍ കോടതി ഈ തുക ഉപഭോക്താവിന് നല്‍കാന്‍ ഉത്തരവിട്ടത്.

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് കേസ് കൈകാര്യം ചെയ്യുന്ന ബ്രിട്ടീഷ് നിയമ കമ്പനിയിലെ ഗസ്സാന്‍ എല്‍ ദായി പറഞ്ഞു. നഷ്ടപ്പെട്ട സിം കാര്‍ഡിന് പകരം പുതിയ സിം കാര്‍ഡ് നല്‍കുന്നതിലും ബാങ്കുകള്‍ പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ നടപടികളിലും കര്‍ശന നിബന്ധന ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുഇയില്‍ ജോലി ചെയ്തിരുന്ന യുവാവ് 2015ലാണ് ദുബയിലെ പ്രാദേശിക ബാങ്കില്‍ സേവിങ്‌സ് അക്കൗണ്ട് തുറന്നത്. അതിന് ശേഷം അദ്ദേഹം നാട്ടിലേക്കു പോയി. എന്നാല്‍, 2017 മെയില്‍ പരിശോധന നടത്തിയപ്പോള്‍ അക്കൗണ്ട് കാലിയായതായാണ് മനസ്സിലായത്.

തുടര്‍ന്ന് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടതിന് ബാങ്ക് ഉത്തരവാദിയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍, ഒറിജിനല്‍ സിം കാര്‍ഡും പിന്‍ നമ്പറും ഉപഭോക്താവിന്റെ കൈയിലായതിനാല്‍ ഉത്തരവാദിത്തം ഉപഭോക്താവിന് തന്നെയാണെന്നായിരുന്നു ബാങ്കിന്റെ എതിര്‍വാദം.

ഉപഭോക്താവിന്റെ അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ബാങ്കിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്‍ തട്ടിപ്പുകാര്‍ക്ക് കൈമാറാതെ സിം സ്വാപ്പിങ് നടക്കില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സിംകാര്‍ഡ് സ്വാപ്പ് ചെയ്യുന്നത് ഇങ്ങനെ
ലക്ഷ്യമിടുന്നയാളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ടെലികോം കമ്പനിയിലേക്ക് വിളിച്ച് സിം കാര്‍ഡ് നഷ്ടപ്പെട്ടതായും പകരം സിം കാര്‍ഡ് വേണമെന്നും അറിയിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനന തിയ്യതി, ഐഡി കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ച് ഉറപ്പു വരുത്തിയാണ് പകരം സിം നല്‍കുന്നത്. തട്ടിപ്പുകാര്‍ ഈ വിവരങ്ങള്‍ നേരത്തേ ശേഖിച്ചു വച്ചിട്ടുള്ളതിനാല്‍ പ്രസ്തുത കടമ്പ എളുപ്പത്തില്‍ കടക്കാനാവും.

തുടര്‍ന്ന് ഈ സിംകാര്‍ഡ് ഉപയോഗിച്ച് ബാങ്കില്‍ നിന്നുള്ള ട്രാന്‍സാക്ഷന്‍ നടത്തുകാണ് ചെയ്യുന്നത്.