ദുബൈ: ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കുറവ് വന്ന ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് അടുത്ത രണ്ട് മാസം കൂടാന്‍ ഇടയില്ലെന്ന് ട്രാവല്‍ ഏജന്റുമാര്‍. ഇന്ത്യയിലേക്കുള്ള പുതിയ കോവിഡ് നിയന്ത്രണങ്ങളും കുട്ടികള്‍ ഉള്‍പ്പെടെ രണ്ട് തവണ കോവിഡ് ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയമാകണമെന്ന നിബന്ധനയും പലരെയും യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതാണ് പ്രധാന കാരണം.
മെയില്‍ ഈദുല്‍ ഫിത്വര്‍ അവധിയും തൊട്ടടുത്ത മാസം വേനല്‍ അവധിയും വരുന്നതിനാല്‍ മിക്കവരും യാത്ര ആ സമയത്തേക്ക് മാറ്റി വയ്ക്കാനാണ് സാധ്യത. ഡിസംബര്‍ അവസാനത്തിലും ജനുവരി ആദ്യ രണ്ടു വാരത്തിലും വിമാന നിരക്ക് കാര്യമായി കുറഞ്ഞിരുന്നു. എന്നാല്‍, തുടര്‍ന്ന് നല്ല കുറവ് വന്നു. പുതിയ നിയന്ത്രണങ്ങള്‍ ഇതിന് ഒരു പ്രധാന കാരണമായിട്ടുണ്ടെന്ന് ഐടിഎല്‍ വേള്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് ശെയ്ഖ് ശിബ്ലി ഖലീജ് ടൈംസിനോട് പറഞ്ഞു. ഇതു കൊണ്ട് തന്നെ വിമാന കമ്പനികള്‍ ഇപ്പോള്‍ പല ഓഫറുകളും നല്‍കുന്നുണ്ട്.
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ചില വിമാന കമ്പനികള്‍ വണ്‍വേ ടിക്കറ്റ് 280 ദിര്‍ഹമിന് വരെ നല്‍കുന്നുണ്ട്. മാര്‍ച്ച് 20ന് ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കുറഞ്ഞ നിരക്ക് 364 റിയാലാണ്. ശരാശരി 400-500 റിയാലാണ് മാര്‍ച്ച് മാസത്തെ നിരക്ക്.
പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ റമദാനിലും ഈദുല്‍ ഫിത്വര്‍ ദിനങ്ങളിലും ടിക്കറ്റ് നിരക്ക് കാര്യമായി കൂടാന്‍ ഇടയില്ലെന്ന് അല്‍ അവാല്‍ ടൂറിസം ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ മുഹമ്മദ് ജാഫര്‍ പറഞ്ഞു. സാധാരണ പെരുന്നാള്‍ സമയത്ത് നിരക്ക് കുതിച്ചുയരാറുണ്ട്. എന്നാല്‍, ഇത്തവണ അതിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.