Thursday, January 27, 2022
HomeNewsfeedയുഎഇയിലെ വാരാന്ത്യ അവധി പരിഷ്‌കാരം ജനുവരി 1 മുതല്‍; ജുമുഅ പ്രാര്‍ഥന 1.15ന് ശേഷം

യുഎഇയിലെ വാരാന്ത്യ അവധി പരിഷ്‌കാരം ജനുവരി 1 മുതല്‍; ജുമുഅ പ്രാര്‍ഥന 1.15ന് ശേഷം

ദുബൈ: യുഎഇയില്‍ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്കു മാറ്റുന്ന പരിഷ്‌കാരം അടുത്ത വര്‍ഷം ജനുവരി 1 മുതലാണ് നടപ്പാവുകയെന്ന് അധികൃതര്‍. ഇതു പ്രകാരം ജനുവരി 2 ഞായര്‍ യുഎഇയിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് അവധി ആയിരിക്കും.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണി വരെ പ്രവര്‍ത്തി സമയാണ്. ജീവനക്കാര്‍ക്ക് ജോലി കഴിഞ്ഞ് നമസ്‌കാരത്തിന് എത്താന്‍ സൗകര്യം ചെയ്യുന്നതിന് വേണ്ടി ജനുവരി മുതല്‍ ജുമുഅ പ്രഭാഷണവും പ്രാര്‍ഥനയും 1.15ന് ശേഷമായിരിക്കും നടക്കുക.

ഫലത്തില്‍ ജീവനക്കാര്‍ക്ക് രണ്ടര ദിവസം അവധി ലഭിക്കും. സ്വകാര്യ മേഖലയിലും വെള്ളിയാഴ്ച്ചയിലെ അവധി ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ ആകുമെന്നാണ് സൂചന.

സ്വകാര്യ സ്‌കൂളുകളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ പുതിയ തീരുമാനപ്രകാരം മാറുമെന്ന് ദുബൈ വിദ്യാഭ്യാസ വകുപ്പായ നോളജ് ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ) അറിയിച്ചു.

സാമ്പത്തിക വ്യാപാര മേഖലകളില്‍ മല്‍സരാധിഷ്ഠിത മുന്നേറ്റം കാഴ്ച്ചവയ്ക്കുന്നതിനും ആഗോള മാറ്റങ്ങളുമായി താദാതമ്യം പ്രാപിക്കുന്നതിനും വേണ്ടിയാണ് പുതിയ മാറ്റങ്ങളെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.

വെള്ളിയാഴ്ച്ച പ്രവര്‍ത്തി ദിനമാക്കുന്ന ആദ്യ അറബ് രാജ്യമോ മുസ്ലിം രാജ്യമോ അല്ല യുഎഇ. മൊറോക്കോ, തുര്‍ക്കി, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നേരത്തേ തന്നെ ശനി, ഞായര്‍ ആണ് അവധി.

Most Popular