അബൂദബി: അബൂദബിയില്‍ പ്രവാസികള്‍ക്ക് ആശ്വാസമായി അമുസ്ലിം കുടുംബ നിയമം പ്രാബല്യത്തില്‍ വന്നു. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ ഉടന്‍ വിവാഹമോചനം, കുട്ടികളുടെ സംരക്ഷണത്തിനു തുല്യാവകാശം, പ്രായപൂര്‍ത്തിയായവരുടെ വിവാഹത്തിനു രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമില്ല തുടങ്ങി ഒട്ടേറെ ഇളവുകളാണു നിയമത്തിലുള്ളത്.
അമുസ്ലിം കുടുംബ കാര്യങ്ങള്‍ക്കായി പുതിയ കോടതിയും സ്ഥാപിച്ചതോടെ കേസുകളില്‍ കാലതാമസവും ഉണ്ടാകില്ല. വിവാഹ സംബന്ധമായ തര്‍ക്കങ്ങളില്‍ പ്രവാസികള്‍ക്ക് അതതു രാജ്യത്തെ നിയമം അനുസരിച്ചുള്ള നടപടികള്‍ക്കും ആവശ്യപ്പെടാം. യുഎഇയിലെ ദുബൈ എമിറേറ്റിലും സ്വന്തം രാജ്യത്തെ നിയമനടപടികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, പുതിയ അമുസ്ലിംകള്‍ക്കു വേണ്ടിയുള്ള പ്രത്യേക കുടുംബ നിയമം അബൂദബയില്‍ മാത്രമാണ്.
പ്രധാന വ്യവസ്ഥകള്‍:
-ഉഭയകക്ഷി സമ്മതത്തോടെ എത്തിയാല്‍ ആദ്യ തവണ വാദംകേട്ട് വിവാഹമോചനം അനുവദിക്കും. എതിര്‍കക്ഷിയുടെ തെറ്റ് ഇനി കോടതിയില്‍ തെളിയിക്കേണ്ടതില്ല. നേരത്തേ ഇതില്ലാതെ വിവാഹമോചനം അനുവദിച്ചിരുന്നില്ല.
-വിവാഹമോചന ശേഷം കുട്ടികളുടെ സംരക്ഷണത്തിന് തുല്യഅവകാശം നല്‍കി. കുട്ടികളുടെ താല്‍പര്യത്തിനാണു മുന്‍ഗണന.
-വിവാഹബന്ധത്തിന്റെ കാലാവധി, ഭാര്യയുടെ പ്രായം, സാമ്പത്തിക സ്ഥിതി തുടങ്ങിയവ പരിഗണിച്ചാവും ഇനി ജീവനാംശം ലഭിക്കുക. സ്ത്രീ പുനര്‍വിവാഹം ചെയ്യുന്നതുവരെയേ ഇതിന് അര്‍ഹതയുള്ളൂ.
-പ്രായപൂര്‍ത്തിയായവര്‍ക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാം. മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ല.
-വില്‍പത്രം ഇല്ലാതെ മരിക്കുന്നയാളുടെ സ്വത്തിന്റെ പകുതി ജീവിച്ചിരിക്കുന്ന പങ്കാളിക്കും ബാക്കി ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ മക്കള്‍ക്കും തുല്യമായി വീതിക്കണം. മുന്‍പ് പെണ്‍മക്കള്‍ക്ക് കാല്‍ഭാഗം മാത്രമായിരുന്നു അവകാശം. മരിച്ചയാള്‍ക്കു മക്കളില്ലെങ്കില്‍ മാതാപിതാക്കള്‍ക്കാവും സ്വത്തവകാശം. അതുമല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന രക്ഷിതാവിനും മരിച്ചയാളുടെ സഹോദരങ്ങള്‍ക്കും സ്വത്ത് തുല്യമായി വീതിക്കാം.
-വിവാഹം നടക്കുമ്പോള്‍ത്തന്നെ വില്‍പത്രം എഴുതണം.