ദുബൈ: യുഎഇ പുതുതായി പ്രഖ്യാപിച്ച മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് അഞ്ചു വര്‍ഷത്തെ കാലാവധി. സ്വന്തം സ്പോണ്സര്ഷിപ്പില് ടൂറിസ്റ്റ് വിസ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. യുഎഇയില്‍ താമസിച്ച് ലോകത്ത് എവിടെയുമുള്ള ജോലി ചെയ്യാനുള്ള റിമോട്ട് വര്‍ക്ക് വിസയും രാജ്യത്തെ പ്രവാസികള്‍ക്ക് വലിയ ആവേശമാണ് പകര്‍ന്നിരിക്കുന്നത്. പുതിയ വിസാ സമ്പ്രദായം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധരെ യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്നാണു കരുതുന്നത്.
ലോകത്തെ ഏതു രാജ്യത്തെ ജോലിയും യുഎഇയിലിരുന്ന് ചെയ്യാന്‍ അവസരമൊരുക്കുന്നതിലൂടെ അതിവിദഗ്ധരെയാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തേക്കാണ് സ്വന്തം സ്പോണ്സര്ഷിപ്പിലുള്ള റിമോട്ട് വിസ നല്‍കുക. വിസാ ചട്ടങ്ങളില്‍ പറയുന്ന ഏത് ജോലിയും ചെയ്യാം. ജോലി ചെയ്യുന്ന കമ്പനി വിദേശത്താണെങ്കിലും യുഎഇയുടെ ആകര്‍ഷകമായ ബിസിനസ് സാഹചര്യവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ജോലി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനായി വിവിധ രാജ്യങ്ങളിലെ കമ്പനി ജീവനക്കാര്‍ക്കു ജോലി ചെയ്യാവുന്ന വിധം സര്‍വ സജ്ജീകരണങ്ങളുള്ള സ്ഥലം ലഭ്യമാക്കും. വിവിധ എമിറേറ്റുകളില്‍ ഇതിനായി സൗകര്യമൊരുക്കാനാണു പദ്ധതി. വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ചവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാനുള്ള തീരുമാനം യുഎഇ ഈയിടെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് കൂടുതല്‍ ശ്രദ്ധേയമായ നീക്കം.
വിദേശത്ത് ഒന്നോ രണ്ടോ ജീവനക്കാരുള്ള കമ്പനികള്‍ക്കു വന്‍തുക മുടക്കി സ്വന്തം പേരില്‍ അവിടെ ഓഫിസോ മറ്റോ തുടങ്ങുന്നതിനു പകരം ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. വിസയ്ക്കും ചെലവ് കുറയും. വിവിധ രാജ്യക്കാര്‍ യുഎഇയില്‍ താമസിച്ചു ജോലി ചെയ്യുന്നത് സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റത്തിനൊപ്പം സമ്പദ് വ്യവസ്ഥയിലും ചലനമുണ്ടാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കോവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം എന്ന ആശയത്തില്‍ നിന്നാണ് ആഗോള തലത്തില്‍ റിമോട്ട് വര്‍ക്ക് ഫ്രം യുഎഇ എന്നതിലേക്ക് അധികൃതരെ നയിച്ചത് തന്നെ.
മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയിലൂടെ എത്തുന്നവര്‍ക്ക് തുടര്‍ച്ചയായി 90 ദിവസം വരെ യുഎഇയില്‍ താമസിക്കാന്‍ സാധിക്കും. ആവശ്യമെങ്കില്‍ തുല്യകാലയളവിലേക്കു പുതുക്കാവുന്നതുമാണ്. രാജ്യംവിട്ടശേഷം ഇതേ വിസയില്‍ വീണ്ടും തിരിച്ചെത്തി ഇത്രയും കാലം താമസിക്കാം. രാജ്യത്തെ ടൂറിസം മേഖലയുടെ വന്‍കുതിപ്പാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ALSO WATCH