ദുബൈ: പുതിയ യുഎഇ മന്ത്രിസഭയും യുഎഇയുടെ പുതിയ ധനമന്ത്രിയെയും പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്. ശെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ഉപ പ്രധാന മന്ത്രിയും ധനമന്ത്രിയുമായി പ്രഖ്യാപിച്ചു.
അടുത്ത 50 വര്‍ഷത്തേക്ക് ഫെഡറല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനത്തിനുള്ള പുതിയ രീതിശാസ്ത്രം അവലംബിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍ഗണന നിശ്ചയിക്കുക, ബജറ്റും പദ്ധതികളും അംഗീകരിക്കുക, നേട്ടങ്ങളുടെ വേഗത വര്‍ധിപ്പിക്കുക തുടങ്ങിയവയെ ആശ്രയിച്ചായിരിക്കും പുതിയ രീതിശാസ്ത്രം പ്രവര്‍ത്തിക്കുക.
സാമ്പത്തിക കാര്യ സഹമന്ത്രിയായി മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനി നിയമിതനായി. ഉബൈദി അല്‍ തായിറിന് പകരമായാണ് നിയമനം. അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവദ് അല്‍ നുഐമി പുതിയ നീതിന്യായ മന്ത്രിയാവും. ഡോ. അബ്ദുല്‍ റഹ്മാന് അല്‍ അവാറാണ് മാനുഷിക വിഭശേഷി-സ്വദേശിവല്‍ക്കരണ വകുപ്പ് കൈകാര്യം ചെയ്യുക. മര്‍യം അല്‍ മുഹൈരി(കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി വകുപ്പ്), അബ്ദുല്ല ബിന്‍ മുഹൈര്‍ അല്‍ കെത്ബി(ഫെഡറല്‍ സുപ്രിം കൗണ്‍സില്‍) എന്നിവരാണ് പുതുതായി നിയമിതരായ മറ്റു മന്ത്രിമാര്‍.