Wednesday, May 18, 2022
HomeNewsNationalഇന്നലെ പലരും കേരളത്തില്‍ നിന്ന് യുഎഇയിലേക്കു പറന്നത് ലക്ഷത്തിലേറെ രൂപ നല്‍കി

ഇന്നലെ പലരും കേരളത്തില്‍ നിന്ന് യുഎഇയിലേക്കു പറന്നത് ലക്ഷത്തിലേറെ രൂപ നല്‍കി

ദുബൈ: ഇന്നലെ അര്‍ധരാത്രി മുതല്‍ ഇന്ത്യയില്‍ നിന്ന യുഎഇയിലേക്ക് യാത്രാവിലക്ക് നിലവില്‍ വരുന്ന പശ്ചാത്തലത്തില്‍ പലരും അവസാന നിമിഷ യാത്ര തരപ്പെടുത്തിയത് വന്‍തുക നല്‍കി. ഒന്നേകാല്‍ ലക്ഷം രൂപ പലരും ടിക്കറ്റിന് നല്‍കിയതായാണ് അറിയുന്നത്. ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുള്ളവരും വീസാ കാലാവധി തീരാന്‍ അധികം ദിവസങ്ങളില്ലാത്തവരുമാണ് പ്രധാനമായും ഇന്നലെ തിരികെ എത്തിയത്.

വിലക്ക് മറികടക്കാന്‍ ഒട്ടേറെ വിമാനക്കമ്പനികള്‍ ഇന്നലെ സര്‍വീസ് നേരത്തെയാക്കിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് നിന്ന് റാസര്‍ഖൈമയിലേക്ക് പ്രത്യേക സര്‍വീസും നടത്തിയിരുന്നു. എയര്‍ അറേബ്യ മൂന്നു സര്‍വീസുകള്‍ അധികമായി നടത്തി. ചിലര്‍ ഹൈദരാബാദ്, ഡല്‍ഹി വഴിയുള്ള വിമാനങ്ങളെ ആശ്രയിച്ചു.

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിലക്കില്ല
അതേസമയം, യാത്രാ വിലക്കില്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ ഉള്‍പ്പെടില്ലെന്ന് യുഎഇ അറിയിച്ചു. സ്വദേശി പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, സ്വകാര്യ വിമാനങ്ങളിലെത്തുന്ന വ്യവസായികള്‍, യുഎഇയുടെ ഗോള്‍ഡ് വിസയുള്ളവര്‍ എന്നിവര്‍ക്ക് ഇളവുണ്ട്. ഇവര്‍ യുഎഇ വിമാനത്താവളത്തിലെ പരിശോധനയ്ക്കു പുറമെ 4, 8 ദിവസങ്ങളില്‍ പിസിആര്‍ ടെസ്റ്റും എടുക്കണം.കോവിഡ് രൂക്ഷമല്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച് യാത്രയുടെ 48 മണിക്കൂറിനകം എടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായും ഇന്ത്യക്കാര്‍ക്ക് എത്താം.
ALSO WATCH

Most Popular