ദുബൈ: സാഹചര്യത്തിന് അനുസരിച്ച് ദ്രുതഗതിയില്‍ തീരുമാനമെടുക്കാനുള്ള മലയാളിയുടെ കഴിവില്‍ തിരികെക്കിട്ടിയത് 80 ലക്ഷത്തിലധികം രൂപ. വടകര സ്വദേശി വള്ളിയോട് പാറപ്പുറത്ത് ജാഫറാണ് അതിവേഗം കുതിക്കുകയായിരുന്ന കള്ളനെ കാല്‍വച്ച് വീഴ്ത്തി താരമായത്. പിന്നാലെ വന്ന ആളുകള്‍ മോഷ്ടാവിനെ കീഴപ്പെടുത്തി പണം തിരികെ വാങ്ങി.
കഴിഞ്ഞദിവസം ദേര ബനിയാസ് സ്്ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് അരികിലാണ് സംഭവം. വിസിറ്റിങ് വീസയില്‍ നാട്ടില്‍ നിന്നെത്തിയ ജാഫര്‍ ബന്ധുവിന്റെ ജ്യൂസ് കടയില്‍ സഹായിച്ചു കൊണ്ടു നില്‍ക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞ് പെട്ടെന്നാണ് തൊട്ടപ്പുറത്തുണ്ടായിരുന്ന ബന്ധു നജീബ് തൊടുവയില്‍ കള്ളന്, കള്ളന് പിടിച്ചോ എന്നലറിയത്. കടയില്‍ നിന്ന് ജാഫര്‍ പെട്ടെന്ന് ഇറങ്ങി നോക്കുമ്പോള്‍ ഒരാള്‍ അതിവേഗം ഓടിവരുന്നതാണ് കണ്ടത്. ഒരു നിമിഷം പോലും ആലോചിക്കാതെ കാല് വച്ച് കള്ളനെ വീഴിച്ചു. തെറിച്ചു വീണ കള്ളന് വീണ്ടും ഓടാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും എല്ലാവരും ഓടിയെത്തി പിടികൂടി.
കള്ളനെ പിടക്കാമെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍, അതിവേഗത്തിലുള്ള വരവായതിനാല്‍ കാല് നീട്ടി വീഴ്ത്തുന്നതാണ് എളുപ്പമെന്ന തോന്നി. പോസ്റ്റിലേക്കു കുതിക്കുന്ന എതിരാളിയെ അറ്റകൈക്ക് ഫൗണ് ചെയ്ത് വീഴ്ത്തുന്ന അതേ ലാഘവത്തോടെയാണ് ഫുട്ബോള്‍ താരം കൂടിയായ ജാഫര്‍ തടഞ്ഞിട്ടത്. സഹോദരന് നജീബ് ഓടുന്ന വഴിയിലേക്ക് ഒരു കസേര വലിച്ചെറിയുകയും ചെയ്തോടെ കള്ളന് മുഖമടിച്ചു വീഴുകയായിരുന്നു.
തുടര്‍ന്ന് പൊലീസിന് കൈമാറി. ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ ഇന്ത്യക്കാരന്റെ പണമാണ് തിരികെ കിട്ടിയതെന്ന് അറിയുന്നു. നാലു ലക്ഷത്തോളം ദിര്‍ഹമുണ്ടായിരുന്നു. 30 വയസ്സുള്ള ഏഷ്യക്കാരനാണ് പിടിയിലായത്.
മുന്‍പ് അലൈനില്‍ ഷെയ്ഖ് ഈസാ ബിന്‍ സായിദ് അല്‍ നഹ്യാന്റെ കൊട്ടാരത്തില്‍ ഡ്രൈവറായിരുന്ന ജാഫര്‍ അടുത്ത ജോലിയില്‍ പ്രവേശിക്കാനായി ദുബയില്‍ എത്തിയതാണ്. 20 വര്‍ഷമായി യുഎഇയിലുള്ള ജാഫറിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതാണ്. പിന്നീട് വീണ്ടും വിസിറ്റ് വിസയില്‍ വരികയായിരുന്നു. ഉമ്മ ജാസ്മിന്. ഭാര്യ:ഹസീന. മക്കള്‍: നെദ, നേഹ, മുഹമ്മദ് നഹ്യാന്.