ദുബൈ: കോവിഡ് ഭീതിയൊഴിഞ്ഞ് കാര്യങ്ങള്‍ സാധാരണ നില കൈവരിക്കുന്ന സാഹചര്യത്തില്‍ യുഎഇ വിസാ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭാ തീരുമാനം. ജുലൈ 12 മുതല്‍ വിസയുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഈടാക്കാന്‍ മന്ത്രിസഭ അനുമതി നല്കി.
പ്രവാസികളുടെ താമസ വിസ, എന്‍ട്രി പെര്‍മിറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച മുഴുവന്‍ ഇളവുകളും നാളെ മുതല്‍ നിര്‍ത്തുകയാണെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ട്വീറ്റ് ചെയ്തു. ജൂലൈ 12 മുതല്‍ വിസാ ഫീസും പിഴയും ഉള്‍പ്പെടെയുള്ളവ ഈടാക്കും.
രാജ്യത്തിന് അകത്തും പുറത്തുമുള്ള മാര്‍ച്ച് 1നും 31നും ഇടയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ വര്‍ഷാവസാനം വരെ വിസാ കാലാവധി നീട്ടിയ നല്കിയ നടപടി റദ്ദാക്കി. രാജ്യത്തിന് അകത്തുള്ള താമസവിസക്കാര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ മൂന്ന് മാസം സമയം അനുവദിക്കും. ആറ് മാസത്തില്‍ താഴെ രാജ്യത്തിന് പുറത്തുനില്‍ക്കുന്ന റെസിഡന്റ് വിസക്കാര്‍ക്ക് ഒരുമാസം ഗ്രേസ് പിരിയഡ് അനുവദിക്കും. രാജ്യത്ത് പ്രവേശിക്കുന്ന തിയ്യതി മുതലാണ് ഗ്രേസ് പിരീഡ് ആരംഭിക്കുക.
വിസാകാലാവധി കഴിഞ്ഞ് രാജ്യത്തിന് പുറത്തുള്ളവരോ ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് നില്ക്കുന്നവരോ ആയ താമസവിസക്കാര്‍ക്ക് മടങ്ങിയെത്താനും രേഖകള്‍ ശരിയാക്കാനും ഗ്രേസ് പിരിയഡ് അനുവദിക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിമാനസര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും ഗ്രേസ് പീരിയഡ് തീരുമാനിക്കുക. ഐസിഎ ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
ഈ കാലയളവില്‍ തിരിച്ചുവരുന്നവര്‍ക്ക് പിഴ ബാധകമല്ല. എന്നാല്‍, മറ്റ് അഡ്മിനിസ്ട്രേറ്റീവ് ഫീസുകളും പിഴകളും ജൂലൈ 12 മുതല്‍ നിലവില്‍ വരും.