ഖത്തര്‍ ലോക കപ്പിലേക്കുള്ള ഏഷ്യന്‍ യോഗ്യതാ മല്‍സരങ്ങളുടെ രണ്ടാം റൗണ്ടിന് പരിസമാപ്തി. സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നീ മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അവസാന 12ല്‍ ഇടം നേടി. ഇറാന്‍, ഇറാഖ്, ഒമാന്‍, ലബ്‌നാന്‍, ചൈന, വിയറ്റ്‌നാം എന്നിവയാണ് മറ്റു ടീമുകള്‍. ജപ്പാന്‍, ആസ്‌ത്രേലിയ, സിറിയ, കൊറിയ റിബ്ലിക് എന്നിവ നേരത്തേ മൂന്നാം റൗണ്ടിലെത്തിയിരുന്നു.
ജൂലൈ 1ന നടക്കുന്ന നറുക്കെടുപ്പില്‍ ഇവരെ ആറ് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. 2021 സപ്തംബര്‍ 2 മുതല്‍ 2022 മാര്‍ച്ച് 29 വരെ നീളുന്ന മൂന്നാം റൗണ്ടില്‍ ഈ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. ഏറ്റവും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ 2022 ലോക കപ്പിലേക്ക് യോഗ്യത നേടും. മൂന്നാം സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ക്ക് നാലാം റൗണ്ട് പ്ലേഓഫില്‍ കളിക്കാം.
ഞെട്ടിക്കുന്ന പ്രകടനത്തിലൂടെ വിയറ്റ്‌നാം ആദ്യമായി മൂന്നാം റൗണ്ടിലേക്കു കടന്നു. യുഎഇക്കെതിരായ അവസാന മല്‍സരത്തില്‍ ശക്തമായ മല്‍സരം കാഴ്ച്ച വച്ച വിയറ്റ്‌നാം മൂന്നിനെതിരേ രണ്ട് ഗോളുകള്‍ നേടിയാണ് കീഴടങ്ങിയത്.
അവസാന മല്‍സരത്തില്‍ സൗദി അറേബ്യയോട് തോറ്റ ഉസ്‌ബെക്കിസ്താന്‍ അപ്രതീക്ഷിതമായി പുറത്തേക്കുള്ള വഴിതേടി. അതേസമയം, തുടക്കത്തില്‍ പതറിയിരുന്ന ചൈന, യുഎഇ, ഇറാന്‍ എന്നീ ടീമുകള്‍ അവസാന ഘട്ടത്തില്‍ അത് മറികടന്ന് മുന്നോട്ടു കുതിച്ചു.
ഗ്രൂപ്പ് ജേതാക്കള്‍: സിറിയ, ജപ്പാന്‍, ആസ്‌ത്രേലിയ, കൊറിയ റിപബ്ലിക്, സൗദി അറേബ്യ, ഇറാന്‍, യുഎഇ
ബെസ്റ്റ് റണ്ണേഴ്‌സ്-അപ്പ്: ഒമാന്‍, ചൈന, ലബ്‌നാന്‍, ഇറാഖ്, വിയറ്റ്‌നാം