വിസാ തട്ടിപ്പുകാരുടെ വലയില്‍ നിന്ന് മലയാളി യുവതി രക്ഷപ്പെട്ടു; സംഘത്തിന്റെ കുരുക്കില്‍ ഇനിയും നിരവധി മലയാളികള്‍

visa-agent-fraud-kerala-women-escape

അജ്മാന്‍: വിസാ തട്ടിപ്പുകാരായ ഏജന്റിന്റെ വലയില്‍ നിന്ന് ഒരു മലയാളി യുവതി കൂടി രക്ഷപ്പെട്ടു. തന്നെ പോലെ മലയാളികളടക്കം ഒട്ടേറെ പേര്‍ അജ്മാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ വലയില്‍ കുടുങ്ങി ദുരിതമനുഭവിക്കുകയാണെന്ന് ഈ യുവതി പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകരാണ് യുവതിക്ക് ഇപ്പോള്‍ അഭയം നല്‍കിയിരിക്കുന്നത്. ഇവരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി നാട്ടിലേയ്ക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

മികച്ച ശമ്പളം വാഗ്ദാനം ചെയ്താണ് കേരളത്തില്‍ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവതികളെ യുഎഇയിലെത്തിക്കുന്നത്. ഇന്ത്യയിലും യുഎഇയിലും വ്യാപിച്ചുകിടക്കുന്ന ജോലി തട്ടിപ്പ് സംഘമാണിത്. ഇവിടെ എത്തിച്ചാല്‍ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണം പോലും നല്‍കാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയുമാണ് പതിവ്. നാട്ടിലെ ഏജന്റിന് വന്‍ തുക നല്‍കിയാണ് എല്ലാവരും സന്ദര്‍ശക വിസ സ്വന്തമാക്കുന്നത്.

വിദ്യാഭ്യാസമില്ലാത്തവരോട് തൊഴില്‍ വീസയാണെന്ന് കള്ളം പറഞ്ഞ് വന്‍തുക വാങ്ങിച്ച് സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നു. തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഏജന്റ് പിടിച്ചുവയ്ക്കുന്നതിനാല്‍ മറ്റൊന്നും ചെയ്യാനാകാതെ നിസഹായരാകുന്നു. ഇത്തരത്തില്‍ ഒട്ടേറെ പേര്‍ അജ്മാനിലെ പല ഭാഗങ്ങളിലുള്ള ഏജന്റുമാരുടെ കുടുസ്സുമുറികളില്‍ കണ്ണീര്‍ വാര്‍ത്തു കഴിയുകയാണ്. ഇവരില്‍ പലരുടെയം വിസാകാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വലിയ നിയമക്കുരുക്കുകളും ഇവരെ കാത്തിരിക്കുന്നുണ്ട്. കുറേ നാള്‍ പീഡിപ്പിച്ച ശേഷം നാട്ടിലേയ്ക്ക് കയറ്റിയയക്കുകയും ചെയ്യുന്നു.