യുഎഇയില്‍ മാര്‍ച്ചിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ രാജ്യംവിടാന്‍ അവസരം

uae expats can return

അബുദബി: യുഎഇയില്‍ മാര്‍ച്ച് 1ന് മുമ്പ് വിസാ കാലവധി കഴിയുകയോ രാജ്യത്തുള്ള താമസം നിയമവിധേയമാക്കുകയോ ചെയ്യാത്തവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാന്‍ അവസരം. ഇത്തരക്കാര്‍ക്ക് 2020 ആഗസ്ത് 17ന് മുമ്പ് പിഴയില്ലാതെ രാജ്യം വിടാവുന്നതാണ്.

ഇത്തരം സാഹചര്യത്തിലുള്ള ഇന്ത്യക്കാര്‍ ബന്ധപ്പെട്ട യുഎഇ അധികൃതരുടെ അംഗീകാരം നേടുകയും അബൂദബി ഇന്ത്യന്‍ എംബസി, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട് അവസരം വിനിയോഗിക്കുകയും വേണം. ഇതിന് വേണ്ടി പാസ്‌പോര്‍ട്ട് വിവരങ്ങള്‍, കോണ്‍ടാക്ട് നമ്പര്‍, ഇമെയില്‍ വിലാസം, വിസാ കോപ്പി, അനുബന്ധ രേഖകള്‍ എന്നിവ സഹിതം [email protected] (അബൂദബിയില്‍ ഉള്ളവര്‍), [email protected] (ദുബയിലും നോര്‍ത്തേണ്‍ എമിറേറ്റുകളിലും ഉള്ളവര്‍) എന്നീ ഇമെയില്‍ വിലാസങ്ങളിലേക്ക് അപേക്ഷ സമര്‍പ്പിക്കണം.

ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന തിയ്യതിയുടെ ഏഴ് ദിവസം മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരിക്കണം. രേഖകള്‍ സ്‌കാന്‍ ചെയ്യാനോ ഇമെയില്‍ അയക്കാനോ പ്രയാസമുള്ളവര്‍ക്ക് നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ എംബസി/കോണ്‍സുലേറ്റിന് പുറത്തുള്ള പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കാവന്നതാണ്.

ആവശ്യമായ രേഖകള്‍
1.പാസ്‌പോര്‍ട്ട് കോപ്പിയുടെ ആദ്യത്തെയും അവസാനത്തെയും പേജും വിസാ പേജും. വിസിറ്റ് വിസയാണെങ്കില്‍ വിസാ കോപ്പിയും വേണം
2. പിഴ ഇളവ് ലഭിക്കണമെങ്കില്‍ വാലിഡായ പാസ്‌പോര്‍ട്ട് വേണം. പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനോ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനോ വേണ്ടി നയതന്ത്രകാര്യാലയത്തെ സമീപിക്കാവുന്നതാണ്

ലഭിക്കുന്ന അപേക്ഷകള്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം യുഎഇ അധികൃതര്‍ക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് പിഴ ഇളവിന് അംഗീകാരം ലഭിച്ചാല്‍ അപേക്ഷകനെ ഫോണിലോ ഇമെയിലിലോ വിവരമറിയിക്കും. ഇതിന് അഞ്ച് പ്രവര്‍ത്തി ദിവസം വേണം. ഇങ്ങിനെ അറിയിപ്പ് ലഭിച്ചാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ നാട്ടിലേക്കു മടങ്ങണം.