ദുബായില്‍ കോവിഡ് നിയന്ത്രണം ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റില്‍

ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ കൊണ്ടുവന്ന സ്‌റ്റേ ഹോം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റില്‍. യൂറോപ്യന്‍ പൗരത്വമുള്ള അറബ് വംശജയെയാണ് ദുബായ് പോലിസ് അറസ്റ്റ് ചെയ്തത്. വൈറസ് വ്യാപനം തടയാന്‍
സാമൂഹ്യ അകലം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചോദ്യം ചെയ്യുകയും, ജനങ്ങളെ അത് ലംഘിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തതിനാണ് നടപടി.
കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസ് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ദുബായ് പാലിസ് അറിയിച്ചു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി അധികൃതര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ സ്വദേശികളും വിദേശികളും പൂര്‍ണമായും പാലിക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടു. മാത്രമല്ല, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചില്ലെങ്കില്‍ രണ്ട് ലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കുമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.