ആലപ്പുഴ: മാന്നാറില്‍നിന്ന് സായുധസംഘം പ്രവാസി യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം. സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണ് സംഘമെന്നാണ് സൂചന. യുവതിക്ക് കള്ളക്കടത്തുസംഘവുമായി ബന്ധമുണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. ദുബയില്‍ നിന്ന്‌യുവതിയുടെ കൈയില്‍ ഒന്നരക്കിലോ സ്വര്‍ണം കൊടുത്തുവിട്ടിരുന്നു. എന്നാല്‍, സ്വര്‍ണം എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചെന്ന് യുവതി മൊഴി നല്‍കി. സ്വര്‍ണമോ പണമോ ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടു പോയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്‍. ജോസിന്റെ നേതൃത്വത്തില്‍ മാന്നാര്‍ പൊലീസ് സ്‌റ്റേഷനില്‍വെച്ച് ഇവരില്‍നിന്ന് മൊഴിയെടുത്തു. അവശനിലയിലായതിനാല്‍ വൈദ്യപരിശോധനക്കുശേഷം ഓണ്‍ലൈന്‍ വഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം ബന്ധുക്കളോടൊപ്പം വിട്ടയക്കും.
യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിക്കടുത്ത് വാഹനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് ആലപ്പുഴ മാന്നാര്‍ കുരട്ടിക്കാട് വിസ്മയ വിലാസത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം ആളുകള്‍ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ദുബയില്‍ നിന്ന് നാലു ദിവസം മുന്‍പാണ് യുവതി വീട്ടിലെത്തിയത്. പുലര്‍ച്ചെ വീട്ടിലെത്തിയ പതിനഞ്ചോളം ആളുകള്‍ വാതില്‍തകര്‍ത്ത് അകത്ത്കടന്ന് തന്നെയും ബിന്ദുവിന്റെ അമ്മ ജഗദമ്മയെയും മര്‍ദിച്ചശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനോയ് പൊലീസിനോട് പറഞ്ഞത്.
അക്രമികള്‍ ഇറക്കിവിട്ട ശേഷം ഓട്ടോറിക്ഷയിലാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ നാലുപേരുണ്ടായിരുന്നുവെന്നും അവര്‍ പണം ആവശ്യപ്പെട്ടെന്നും ബിന്ദു പറഞ്ഞു.
കൊടുവള്ളി സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നതെന്നും പ്രദേശത്തെ ക്രിമിനലുകളുടെ സഹായം ലഭിച്ചെന്നുമാണ് പ്രാഥമിക നിഗമനം. ബിന്ദുവിന്റെ ഫോണ്‍, സംശയിക്കുന്നവരുടെ ഫോട്ടോകള്‍ എന്നിവ കൈമാറിയിട്ടുണ്ട്. സജി ചെറിയാന്‍ എംഎല്‍എ, ജില്ലാ പോലിസ് മേധാവി ജി ജയദേവ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.