സൗമ്യനും സ്‌നേഹ സമ്പന്നനുമായിരുന്നു ഔഫ്; എന്തിനാണ് പ്രിയ സുഹൃത്തിന്റെ നെഞ്ചിലേക്കവര്‍ കഠാര കുത്തിയിറക്കിയത്

Abdul-Rahman-Auf1

ഉമ്മുല്‍ഖുവൈന്‍: സൗമ്യനും സ്‌നേഹ സമ്പന്നനുമായിരുന്നു ഔഫ്. ആരെന്തു പറഞ്ഞാലും അതിനെ ശാന്തതയോടെ സമീപിച്ച് പ്രതികരിക്കുന്നയാളായിരുന്നു. എന്തിനാണവര്‍ അവന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കിയത്? പ്രിയപ്പെട്ട സ്‌നേഹിതനെ നഷ്ടപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഉമ്മുല്‍ഖുവൈനിലെ ഈ മലയാളി യുവാക്കള്‍ ആ ഞെട്ടലില്‍ നിന്ന് ഇതുവരെ മോചിതരായിട്ടില്ല. കാസര്‍കോട് കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹ്മാന്‍ ഔഫിന്റെ കൂടെ പ്രവാസ ലോകത്ത് താമസിച്ചിരുന്ന ഉറ്റ സുഹൃത്തുക്കളാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ നഷ്ടം തങ്ങള്‍ക്കും കുടുംബത്തിനും മാത്രമാണെന്ന് അടിവരയിടുന്നത്.

Abdul-Rahman-Auf

വര്‍ഷങ്ങളായി ഒരേ മുറിയില്‍ സുഖദുഃഖങ്ങള്‍ പങ്കിട്ട് സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്നവരാണ് തങ്ങള്‍ എന്ന് സംഘം പറയുന്നു. കൊല ചെയ്യപ്പെട്ട വിവരമറിഞ്ഞ ശേഷം ഇതുവരെയിവര്‍ ശരിക്ക് ഉറങ്ങിയിട്ടില്ല. ആരോടും പിണങ്ങാതെ എന്തിനും ഒപ്പം നിന്ന് ഉത്സാഹത്തോടെ നടത്തിത്തരുന്ന പ്രിയ ചങ്ങാതിയായിരുന്നു ഔഫ്. ഒന്നിച്ച് ഭക്ഷണം കഴിച്ച്, അവധി ദിനങ്ങളില്‍ പുറത്തു കറങ്ങിനടന്ന്, സന്തോഷത്തിലും സങ്കടത്തിലും പങ്കുചേരുന്ന യുവാവ്. രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ കൂരകൃത്യത്തില്‍ ആ ജീവനെ കുത്തിവീഴ്ത്തിയെന്ന് വിശ്വസിക്കാനേ ആകുന്നില്ല.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടപ്പോഴായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് ഔഫ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഇതേ കമ്പനിയില്‍ വീണ്ടും ജോലി ശരിയാക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചുവരികയായിരുന്നു. കമ്പനി അധികൃതരുമായി സംസാരിച്ച് ജോലിയില്‍ തിരിച്ചു പ്രവേശിക്കാനുള്ള വഴി തെളിഞ്ഞിരുന്നതായി ഇവര്‍ പറഞ്ഞു.

Abdul-Rahman-Auf2

ഈ മാസം 23ന് രാത്രിയാണ് കല്ലൂരാവി മുണ്ടത്തോട്ടില്‍ ഔഫ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. ഹൃദയധമനിയില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. കേസില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്(26), യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ (24), എംഎസ്എഫ് പ്രവര്‍ത്തകന്‍ ഹസന്‍ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലി ലീഗ് സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിച്ചതിലുള്ള പകയാണ് കൊലയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്.