Thursday, December 9, 2021
HomeNewsfeedഹിന്ദ് രാജകുമാരിയുടെ എതിര്‍പ്പ്; മുസ്ലിം വിരുദ്ധനായ സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയെ അബൂദബിയിലെ പരിപാടിയില്‍...

ഹിന്ദ് രാജകുമാരിയുടെ എതിര്‍പ്പ്; മുസ്ലിം വിരുദ്ധനായ സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയെ അബൂദബിയിലെ പരിപാടിയില്‍ നിന്ന് ഒഴിവാക്കി

ദുബൈ: യുഎഇയിലെ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിം രാജകുമാരി പ്രതിഷേധം ഫലം കണ്ടു. അബൂദബിയില്‍ നടക്കാനിരിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് പരിപാടിയിലെ പ്രഭാഷകരില്‍ നിന്ന് സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയെ നീക്കിയതായി ഹിന്ദ് രാജകുമാരി ട്വീറ്റ് ചെയ്തു.

‘വ്യാജവാര്‍ത്ത നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന, ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉല്‍പ്പാദിപ്പിക്കുന്ന’ ചൗധരിയെ യുഎഇയിലേക്ക് ക്ഷണിച്ചതിനെതിരെ നിരവധി ട്വീറ്റുകളിലൂടെ രാജകുമാരി പരസ്യമായി രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് ചൗധരിയെ ക്ഷണിച്ചതിനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബൂദബി ചാപ്റ്ററിലെ അംഗങ്ങള്‍ തന്നെ ഭാരവാഹികള്‍ക്ക് കത്തെഴുതി. ഈ കത്തും രാജകുമാരി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ചടങ്ങില്‍ നിന്ന് ചൗധരിയെ നീക്കിയിരിക്കുന്നത്.


നവംബര്‍ 25, 26 ദിവസങ്ങളിലായി അബൂദബിയിലെ ഫെയര്‍മൗണ്ട് ബാബ് അല്‍ ബഹ്റില്‍ സംഘടിപ്പിക്കുന്ന ആന്വല്‍ ഇന്റര്‍നാഷണല്‍ സെമിനാറിലേക്കാണ് മുഖ്യാതിഥിയായി ഐസിഎഐ സുധീര്‍ ചൗധരിയെ ക്ഷണിച്ചിരുന്നത്. പരിപാടിയുടെ പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവെച്ചു കൊണ്ട് ശനിയാഴ്ച ഹിന്ദ് രാജകുമാരി ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു.

‘വലതുപക്ഷ ഹിന്ദു അവതാരകനായ സുധീര്‍ ചൗധരി ഇന്ത്യയിലെ 200 ദശലക്ഷം മുസ്ലിംകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആഴത്തിലുള്ള ഇസ്ലാം വിരുദ്ധതയുടെ പേരില്‍ പ്രസിദ്ധനാണ്. അയാളുടെ പല പ്രൈംടൈം ഷോകളും രാജ്യത്തെ മുസ്ലിംകള്‍ക്കു നേരെ അക്രമങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്തിനാണ് തങ്ങളുട സമാധാനപൂര്‍ണമായ രാജ്യത്തേക്ക് ഇസ്ലാമോഫോബും വിദ്വേഷകനുമായ ചൗധരിയെ കൊണ്ടുവരുന്നത്?’- എന്ന് ഐ.സി.എ.ഐയെ ടാഗ് ചെയ്തു കൊണ്ട് രാജകുമാരി ചോദിച്ചിരുന്നു.

2019-20ല്‍ പൗരത്വവിരുദ്ധ പ്രക്ഷോഭം നടത്തിയ ഷഹീന്‍ ബാഗിലെ വനിതകളടക്കമുള്ള മുസ്ലിംകള്‍ക്കെതിരെ വ്യാജവാര്‍ത്തയും വിദ്വേഷ പ്രചരണവും നടത്തിയയാളാണ് ചൗധരിയെന്നും അവര്‍ ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യയില്‍ പല തവണ സന്ദര്‍ശിച്ചിട്ടുള്ള ഹിന്ദ് രാജകുമാരി രാജ്യത്ത് നടക്കുന്ന സംഘപരിവാര വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ നിരന്തരം ശബ്ദമുയര്‍ത്താറുണ്ട്. യുഎഇയില്‍ ജോലി ചെയ്ത് കൊണ്ട് മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ അവര്‍ ഉയര്‍ത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയായിരുന്നു.

സൂധിര്‍ ചൗധരിയെ ഒഴിവാക്കിയോ?
അതേ സമയം, ഐസിഎഐ വെബ്‌സൈറ്റില്‍ പങ്കുവച്ചിട്ടുള്ള സെമിനാറിന്റെ പോസ്റ്ററില്‍ ഇപ്പോഴും സുധീര്‍ ചൗധരിയുടെ പേരുണ്ട്. സമയം വൈകിയതിനാല്‍ അതിഥികളുടെ പട്ടികയില്‍ നിന്ന് സുധീര്‍ ചൗധരിയെ ഒഴിവാക്കാന്‍ ഐസിഎഐ വിസമ്മതിച്ചുവെന്ന് അബ്ദുല്ല മദുമൂലെ എന്ന അബൂദബിയിലെ വ്യവസായി ട്വീറ്റ് ചെയ്തു. ഐസിഎഐയുടെ ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രതികരണം അറിവായിട്ടില്ല.

Most Popular