ജിദ്ദ: ഉംറ തീര്ഥാടകന് രാജ്യത്തെ ഏത് അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളത്തിലൂടെയും സൗദിയിലേക്ക് പ്രവേശിക്കാം. ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തിരികെ മടങ്ങാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാം.
രാജ്യത്തുടനീളം സഞ്ചരിക്കാനും അനുമതിയുണ്ട്. പുതിയ ഉംറ സീസണില്‍ തീര്ഥാടകന് രാജ്യത്തെവിടെയും സഞ്ചരിക്കാനാകുമെന്ന് മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഏത് വിമാനത്താവളവും തീര്ഥാടകന് ഉപയോഗിക്കാനുള്ള അനുമതി ലഭ്യമാക്കിയിരിക്കുന്നത്.
അതേസമയം ഈ സീസണ് മുതല്‍, അതിഥികളായി ആളുകളെ കൊണ്ടുവന്ന് ഉംറ നിര്‍വഹിപ്പിക്കാന്‍ രാജ്യത്തെ താമസക്കാര്‍ക്ക് അനുമതി നല്‍കിയിരുന്ന ‘ഉംറ അതിഥി’ (ഉംറ ഗസ്റ്റ്) വിസ സംവിധാനം റദ്ദാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.