ഉംറ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ല; സൗദി

റിയാദ്:  ഉംറ വിസാ കാലാവധി ഇനി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം. നിലവിൽ ഉംറ വിസക്ക് 90 ദിവസത്തെ കാലാവധിയാണുള്ളത്

ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ക്ക് ഏറ്റവും ഭംഗിയായി സേവനങ്ങള്‍ നല്‍കുകയും സേവന ഗുണനിലവാരം ഉയര്‍ത്തുകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലെത്താന്‍ അതത് രാജ്യങ്ങളിലിരുന്ന് ഡിജിറ്റലായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാവുന്നതാണ്. ഇതിനായി ‘നുസുക്’ എന്ന പേരില്‍ ഹജ്-ഉംറ മന്ത്രാലയം പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ട്.

തങ്ങള്‍ക്കു കീഴിലുള്ള ഉംറ തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റുകളും മദീന മസ്ജിദുന്നബവി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനുള്ള പെര്‍മിറ്റുകളും ഇഷ്യു ചെയ്ത് കൊടുക്കുന്നതിന്റെയും പെര്‍മിറ്റുകളില്‍ നിര്‍ണയിച്ച കൃത്യസമയത്ത് തീര്‍ഥാടകരെ വിശുദ്ധ ഹറമിലെത്തിക്കുന്നതിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ്.