വിദേശത്തേക്ക് മടങ്ങാന്‍ മൂന്ന് മാസത്തെ വിസാ കാലാവധി വേണമെന്ന കേന്ദ്ര ചട്ടം ഹൈക്കോടതി തള്ളി

kerala high court covid statistics

കൊച്ചി: വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്ന പ്രവാസികളുടെ വിസാ കാലാവധി മൂന്ന് മാസമായി നിജപ്പെടുത്തി കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് സാമാന്യ നീതിക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി. ഇത് പാലിക്കേണ്ടതില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഡല്‍ഹി കെഎംസിസി ക്കു വേണ്ടി കെ കെ മുഹമ്മദ് ഹലീം അഡ്വ.ഹാരിസ് ബീരാന്‍ മുഖേന നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ നിരീക്ഷണം.

നാട്ടില്‍ അവധിക്ക് വന്നിരിക്കുന്ന പ്രവാസികള്‍ക്ക് ജോലിചെയ്യുന്ന രാജ്യങ്ങളിലെക്ക് തിരിച്ചു പോകുന്നതിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാവധി നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവ് കണക്കിലെടുക്കേണ്ടന്നും പ്രവാസികള്‍ക്ക് വിസാ കാലാവധി തീരുന്നതിന് മുമ്പ് വിദേശ രാജ്യങ്ങളില്‍ എത്തിയാല്‍ മതിയെന്നും കോടതി അഭിപ്രായപ്പെട്ടു.

വിദേശരാജ്യങ്ങള്‍ക്ക് പ്രവാസികളെ സ്വീകരിക്കാന്‍ തടസമില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വിസ നിയന്ത്രണം കൊണ്ടു വന്നത് സാമാന്യ നീതിക്ക് നിരക്കുന്നതാണോ എന്ന് കോടതി വാദത്തിനിടെ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചു. സ്വന്തം രാജ്യത്തെ പൗരന്മാരെ ഈ കൊറോണ കാലത്തുപോലും മാനസികമായി തകര്‍ക്കുന്ന നിലാടാണ് പ്രവാസികളുടെ വിസാ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടി വിസാ കാലാവധി വിഷയത്തില്‍ പരിഗണിക്കേണ്ടയെന്ന് കോടതി വിലയിരുത്തി.

ജൂണ്‍ ഒന്നിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ചട്ടമാണ് വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെയെങ്കിലും വിസാകാലാവധി ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ശിക്കുന്നത്. ഇതേ സമയം ജോലിയിതര പഠന, പരിശീലന ആവശ്യങ്ങള്‍ക്കായി പോവുന്നവര്‍ക്ക് ഒരു മാസത്തെ വിസയില്‍ യാത്ര അനുവദിക്കുന്നതായും ചട്ടം പറയുന്നു.

വിസാകാലാധി തീര്‍ന്നാലും തൊഴിലാളികള്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി വരാന്‍ അനുമതി കൊടുത്ത് കൊണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം വിവിധ വിദേശ രാഷ്ട്രങ്ങള്‍ സന്നദ്ധത അറിയിച്ചിരിക്കെയാണ് സ്വന്തം പൗരന്മാരെ അനിശ്ചിതത്വത്തിലാക്കുന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നതെന്നും ഹരജി ഭാഗം അഭിഭാഷകന്‍ വാദിച്ചു.