റിയാദ്: സൗദിയിൽ വീണ്ടും പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൂന്ന് ദിവസത്തോളം കാറ്റ് നീണ്ടുനിന്നേക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
പൊടിക്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ആവശ്യമായ ജാഗ്രതാ നടപടികള്‍ സ്വീകരിക്കണം. ഇറാഖില്‍ നിന്ന് രൂപം കൊണ്ട മറ്റൊരു പൊടിക്കാറ്റ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. തലസ്ഥാനമായ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും വീശിയടിച്ച കാറ്റ് ദൂരക്കാഴ്ചയെ ബാധിക്കുകയും ചെയ്തിരുന്നു.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആസ്തമ ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ പൊടിക്കാറ്റിനെ സൂക്ഷിക്കണമെന്നും മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്.
ചൊവ്വാഴ്ചയുണ്ടായ പൊടിക്കാറ്റ് കാരണം റിയാദില്‍ മാത്രം 1285 പേര് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയ്ക്ക് പുറമെ ഇറാന്, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളെയും പൊടിക്കാറ്റ് ബാധിച്ചേക്കും.