ലോകത്തെ മികച്ച രാജ്യമാക്കി യു എ ഇ യെ മാറ്റാന്‍ ‘We The UAE 2031’ പദ്ധതി

അബുദാബി: സാമൂഹിക, സാമ്ബത്തിക, നിക്ഷേപ, വികസന മേഖലകളില് ശ്രദ്ധ കേന്ദ്രീകരിച്ച്‌ അടുത്ത പത്ത് വര്ഷത്തിനുള്ളില് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ‘We The UAE 2031’- സംയോജിത പരിപാടിയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം സാക്ഷ്യം വഹിച്ചു.

അടുത്ത 50 വര്ഷത്തേക്കുള്ള രാജ്യത്തിന്റെ വികസന പദ്ധതികള് രൂപപ്പെടുത്തുന്നതിനുള്ള പ്രവര്ത്തനത്തിന്റെ ഭാഗമാണ് ഇത്. ആഗോള പങ്കാളി എന്ന നിലയിലും, ആകര്ഷകവും സ്വാധീനമുള്ളതുമായ സാമ്ബത്തിക കേന്ദ്രമെന്ന നിലയിലും യുഎഇയുടെ സ്ഥാനം ഉയര്ത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ പുരോഗതിയെ കൂടുതല് നിപുണവും വികസിതവുമായ ഭാവിയിലേക്ക് രൂപപ്പെടുത്താന് ‘We The UAE 2031’ പ്രതിജ്ഞാബദ്ധമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം പറഞ്ഞു. സാമ്ബത്തിക അഭിവൃദ്ധി, സാമൂഹിക ക്ഷേമം, മനുഷ്യ മൂലധനത്തിന്റെ വികസനം എന്നിവയായിരിക്കും അടുത്ത 50 ന്റെ പ്രധാന സ്തംഭങ്ങള് എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

‘യുഎഇ ശതാബ്ദി 2071’ന്റെ ലക്ഷ്യങ്ങള് കൈവരിക്കുന്നതിന്, രാജ്യത്തിന്റെ ദേശീയ വികസന പദ്ധതിയുമായി ബന്ധപ്പെട്ട വെല്ലുവിളികളും തന്ത്രങ്ങളും ചര്ച്ച ചെയ്യുന്നതിന്, ഫെഡറല്, പ്രാദേശിക തലങ്ങളിലെ എല്ലാ യുഎഇ സര്ക്കാര് സ്ഥാപനങ്ങളും അബുദാബിയില് നടന്ന യുഎഇ വാര്ഷിക സര്ക്കാര് യോഗത്തില് പങ്കെടുത്തു. ‘We The UAE 2031’ ന്റെ ലോഞ്ചില് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും, യു.എ.ഇ.ഉപപ്രധാനമന്ത്രിയും, ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം, അജ്മാന് കിരീടാവകാശി ഷെയ്ഖ് അമ്മാര് ബിന് ഹുമൈദ് അല് നുഐമി, ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന് ഹമദ് അല് ഷര്ഖി, റാസല്ഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന് സൗദ് ബിന് സഖര് അല് ഖാസിമി, ഷാര്ജയുടെ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുല്ത്താന് ബിന് അഹമ്മദ് ബിന് സുല്ത്താന് അല് ഖാസിമി എന്നിവര് സംബന്ധിച്ചു.