ദോഹ: ഖത്തറില്‍ ഈ വാരാന്ത്യം വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ് തുടരുമെന്നും പൊടിപടലം ക്രമേണ കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റ് രാജ്യത്തെ ബാധിച്ചതായും കാലാനുസൃതമായ ന്യൂനമര്‍ദ്ദം കാരണം ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറയാന്‍ ഇതിടയാക്കിയിട്ടുണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പിലെ ഫാത്തിമ അല്‍ യാഫി പറഞ്ഞു.
പൊടിക്കാറ്റുള്ള സമയത്ത് വാഹനമോടിക്കുമ്പോള്‍ വണ്ടിയുടെ എല്ലാ വിന്‍ഡോകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യമെങ്കില്‍ മാത്രം എയര്‍ കണ്ടീഷനിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും സംരക്ഷണ മാസ്കും ഗ്ലാസുകളും ധരിക്കുകയും വേണം.
ഖത്തറിന് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. സൗദിയില്‍ ചൊവ്വാഴ്ച ഉണ്ടായ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതയുണ്ടായ 88 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിച്ചതായി റെഡ് ക്രസന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു.