ദോഹ: വ്യാഴാഴ്ച്ച രാത്രി 12.30ന് നടക്കുന്ന ജര്‍മനിയും കോസ്റ്ററിക്കയും തമ്മിലുള്ള മത്സരത്തില്‍ കളി നിയന്ത്രിക്കുക വനിതാ റഫറിമാർ.
സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്, ന്യൂസ ബാക്ക്, കാരെന് ഡയസ് എന്നീ വനിതകള്‍ വ്യാഴാഴ്ച കോസ്റ്റാറിക്ക-ജര്‍മ്മനി ഗ്രൂപ്പ് ഇ മത്സരം നിയന്ത്രിക്കുമെന്ന്
ഫിഫ അറിയിച്ചു.
38-കാരിയായ സ്റ്റെഫാനി കഴിഞ്ഞാഴ്ച്ച നടന്ന പോളണ്ടും മെക്സിക്കോയും തമ്മിലുള്ള മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയായി കളത്തിലിറങ്ങിയിരുന്നു. മാര്‍ച്ചില്‍ നടന്ന പുരുഷ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും 2020-ലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും യൂറോപ്പ ലീഗ് മത്സരങ്ങളും സ്റ്റെഫാനി നിയന്ത്രിച്ചിരുന്നു. 2019-ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മില്‍ നടന്ന യുവേഫ കപ്പ് സൂപ്പര്‍ ഫൈനലിലും സ്റ്റെഫാനി റഫറിയായിട്ടുണ്ട്.
നേരത്തെ ഫിഫ പുറത്തുവിട്ട 36 മെയ്ന്‍ റഫറിമാരുടെ പട്ടികയില്‍ സ്റ്റെഫാനിയെ കൂടാതെ രണ്ട് വനിതകള്‍ കൂടിയുണ്ട്. ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിതയും റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗയും. 69 അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകളുണ്ട്. ന്യൂസയും കാരെനും കൂടാതെ യുഎസില്‍ നിന്നുള്ള കാതറിന് നെസ്ബിറ്റയാണ് മൂന്നാമത്തെ വനിത.