ചൂട് കനക്കുന്നു: കുവൈത്തില്‍ ജൂണ്‍ മുതല്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ആരംഭിക്കും

migrant workers qatar

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൂട് കനക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. ജൂണ്‍ മാസം മുതലാണ് ഉച്ചവിശ്രമം ആരംഭിക്കുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെയാണ് കുവൈത്തിലെ തൊഴിലാളികള്‍ക്ക് മധ്യാഹ്ന ഇടവേള നല്‍കേണ്ടത്. ഈ സമയം തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് നിര്‍ദ്ദേശം. കുവൈത്ത് മാനവശേഷി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്തില്‍ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയിരിക്കുന്നതെന്ന് മാനവശേഷി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസ വ്യക്തമാക്കി.

നിയമം ലംഘിച്ച്‌ തൊഴിലെടുപ്പിക്കുന്ന കമ്ബനികള്‍ക്ക് ആളൊന്നിന് 100 ദിനാര്‍ മുതല്‍ 200 ദിനാര്‍ വീതം പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു. നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.