ദോഹ∙ ലോകകപ്പ് പോരാട്ടത്തിൽ ഇന്ന് അർജന്റീനയ്ക്ക് നിർണായകം. ആദ്യ മത്സരത്തിൽ സൗദിക്കെതിരെ പൊരുതേങ്ങിയെങ്കിൽ ഗോൾ വീഴ്ത്താനാകാതെ നിരാശയായിരുന്നു ഫലം. എന്നാൽ ഇത്തവണ കൂടുതൽ കഠിനമാകും മത്സരം. സൗദിയേക്കാൾ കരുത്തരാണ് മെക്സിക്കോ.
ജയംമാത്രമാണ് ഏക പോംവഴി. സി ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങളും നിർണായകമാകും. വിജയക്കൊടുമുടിയിൽനിന്ന് കാൽവഴുതിവീണ ആഘാതത്തിലാണ് അർജന്റീനക്കാർ. അജയ്യരായാണ് ഖത്തറിൽ വിമാനമിറങ്ങിയത്. അവസാന 36 കളിയിലും തോൽവി എന്തെന്ന് മെസിയും പടയാളികളും അറിഞ്ഞിരുന്നില്ല. കോപ അമേരിക്കയുടെയും ഫൈനലിസിമ ട്രോഫിയുടെയും പകിട്ടുമുണ്ടായിരുന്നു. പക്ഷേ കണക്കിന്റെയും കരുത്തിന്റെയും പിൻബലം സൗദി അറേബ്യയ്ക്കെതിരെ തുണച്ചില്ല. 1–-2നായിരുന്നു അടിയറവ് പറഞ്ഞത്. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
സൗദിക്കെതിരായ തോൽവിക്കു ശേഷവും ആത്മവിശ്വാസം കൈവിടാതെയാണ് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി സംസാരിച്ചത്. തന്റെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കണം എന്ന ലക്ഷ്യത്തോടെയിറങ്ങുന്ന മെസ്സി എന്തു പ്രകടനം കാഴ്ചവയ്ക്കും എന്നതാകും ഇന്നും ആരാധകർ ഉറ്റു നോക്കുന്ന കാര്യം. എന്നാൽ, സൗദിയേക്കാൾ കരുത്തരാണ് മെക്സിക്കോ എന്നത് അർജന്റീനക്കാരുടെ നെഞ്ചിടിപ്പു കൂട്ടുന്ന കാര്യം. സി ഗ്രൂപ്പിൽ 3 പോയിന്റുമായി സൗദിയാണ് ഇപ്പോൾ ഒന്നാമത്. ഒരു പോയിന്റ് വീതമുള്ള പോളണ്ടും മെക്സിക്കോയും പിന്നിൽ. അർജന്റീന അവസാന സ്ഥാനത്ത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോളണ്ട് സൗദി അറേബ്യയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് അൽ റയ്യാനിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.