ലോകകപ്പ്: മൂന്ന് മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ; ഏറ്റവും കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയത് ഖത്തർ

ദോഹ: ലോകകപ്പിന് മൂന്ന് മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയത് ആതിഥേയ രാജ്യമായ ഖത്തർ തന്നെയാണ്.  ആകെ വിറ്റഴിച്ച ടിക്കറ്റുകളുടെ 37 ശതമാനമാണ് ഖത്തര്‍ നേടിയത്. 2.89 മില്ല്യണ്‍ ടിക്കറ്റാണ് ഇതുവരെ വിറ്റഴിച്ചത്.

ആതിഥേയ രാജ്യത്തിന് പുറമെ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, സൗദി അറേബ്യ, ഇംഗ്ലണ്ട്, മെക്‌സിക്കോ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, അര്‍ജന്റീന, ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മ്മനി എന്നിവിടങ്ങളിലെ ആരാധകരാണ് കൂടുതല്‍ ടിക്കറ്റ് സ്വന്തമാക്കിയത്.

സന്ദര്‍ശകര്‍ക്കായി 30,000 അധിക മുറികള്‍ ഒരുക്കുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചു. 29 ദിവസങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ഏകദേശം 1.2 ദശലക്ഷം ആരാധകര്‍ രാജ്യം സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് അത്യാധുനിക സ്റ്റേഡിയങ്ങളിലായി 64 മത്സരങ്ങളാണ് നടക്കുന്നത്.
നവംബര്‍ 20ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മില്‍ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്.