ദോഹ: ഖത്തർ ഫിഫ ലോകകപ്പ് വോളണ്ടിയറാവാനുള്ള അവസാന തിയതി ജൂലൈ 31 ഞായറാഴ്ച അവസാനിക്കും. ഫിഫ ലോകകപ്പിനായി 20,000 വോളണ്ടിയര്‍മാരെയാണ് തെരഞ്ഞെടുക്കുന്നത്. 45 പ്രവര്‍ത്തന മേഖലകളില്‍ 30-ലധികം വ്യത്യസ്ത വിഭാഗങ്ങളിലായി നിയമിക്കപ്പെടുന്ന ഇവര്‍ ടൂര്‍ണമെന്റിന്റെ പ്രധാന ഭാഗമായി പ്രവർത്തിക്കും.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വോളണ്ടിയര്‍ പ്രോഗ്രാമിന്റെ ഭാഗമായി ദോഹയില്‍ ആരംഭിച്ച വോളണ്ടിയര്‍ സെന്റര്‍ വഴി ഇതുവരെ ആയിരക്കണക്കിന് അപേക്ഷകരെയാണ് അഭിമുഖം നടത്തിയത്. മെയ് പകുതി മുതല്‍ 170 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങളാണ് അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളത്
വോളണ്ടിയറാവാന്‍ അപേക്ഷിക്കുന്നവര്‍ 2022 ഒക്ടോബര്‍ 1-നകം 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവുള്ളവരുമായിരിക്കണം.
ടൂര്‍ണമെന്റിനിടെ കുറഞ്ഞത് 10 ഷിഫ്റ്റുകളിലെങ്കിലും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിരിക്കണം.
ചില പ്രത്യേക മേഖലകളിലേക്ക് നിയോഗിക്കപ്പെടുന്ന വോളണ്ടിയര്‍മാര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ തന്നെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ സന്നദ്ധരായിരിക്കണം.
താല്‍പ്പര്യമുള്ളവര്‍ക്ക് volunteer.fifa.com എന്ന ഔദ്യോഗിക പേജ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.