Tuesday, August 3, 2021
Home Gulf ലാപ്‌ടോപ് മോഷണം: ഷാർജയിൽ 11 അംഗസംഘം പിടിയിൽ

ലാപ്‌ടോപ് മോഷണം: ഷാർജയിൽ 11 അംഗസംഘം പിടിയിൽ

ഷാർജ: 2.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന 662 ലാപ്ടോപ്പുകൾ മോഷ്ടിച്ച 11 അംഗസംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. വ്യാവസായിക മേഖലയിലെ ഇലക്ട്രോണിക് കമ്പനിയുടെ ഗോഡൗണിൽ നിന്നാണ് ഇവർ മോഷണം നടത്തിയതെന്ന് ഷാർജ പോലീസ് പറഞ്ഞു. അറസ്റ്റിലായ 11 പേരും ഏഷ്യൻ വംശജരാണ്. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

മോഷണം നടന്നതായി എമർജൻസി വിഭാഗത്തിലേക്ക് ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർകേണൽ ഒമർ അഹ്മദ് അബു അൽസൂദ് പറഞ്ഞു.

രണ്ട് വാഹനങ്ങളിലായാണ് പ്രതികൾ ലാപ്ടോപ്പുകൾ കടത്താൻ ശ്രമിച്ചത്. നിരീക്ഷണക്യാമറകൾ നശിപ്പിച്ചുകൊണ്ടായിരുന്നു നീക്കം. ലാപ്ടോപ്പുകളുടെ വിൽപ്പനയ്ക്ക് മറ്റൊരു വ്യക്തിയുമായി കരാർ ഉറപ്പിച്ചശേഷമായിരുന്നു മോഷണമെന്നും അബു അൽസൂദ് പറഞ്ഞു.

സുരക്ഷാഗാർഡുകളെ നിയമിച്ച് വേർഹൗസുകൾക്ക് സമീപം സുരക്ഷ ഉറപ്പുവരുത്താൻ പോലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദേശിച്ചു. അടിയന്തരസാഹചര്യങ്ങളിൽ 80040, 901 എന്ന നമ്പറുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.

Most Popular