അജ്മാന്: ഇന്നലെ വൈകിട്ട് അജ്മാനിലെ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ 125 കടകള്‍ പൂര്‍ണമായും തകര്‍ന്നു. തീപിടിത്തം നിയന്ത്രണത്തിലായെങ്കിലും നാശനഷ്ടടങ്ങളുടെ കണക്കെടുപ്പ് നടക്കുകയാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അജ്മാന് പോലീസിലെ മേജര്‍ ജെനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നൗമി പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാല് മാസത്തോളമായി മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പോലീസും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ക്കറ്റ് അണുവിമുക്തമാക്കിയ ശേഷം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.