Wednesday, August 4, 2021
Home Gulf 22 വർഷം മുമ്പ് കാണാതായ മക്കളെ ജീവനോടെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ മാതാവ്

22 വർഷം മുമ്പ് കാണാതായ മക്കളെ ജീവനോടെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ മാതാവ്

ജിസാൻ: 22 വർഷം മുമ്പ് കാണാതായ മക്കളെ എന്നെങ്കിലും കണ്ടു കിട്ടുമെന്ന പ്രതീക്ഷയിൽ ഇന്നും അന്വേഷണം തുടരുകയാണ് ജിസാനിലെ സൗദി കുടുംബം. മുഫ്‌റഫ് അഹ്മദ് യഹ്‌യ അൽഗസ്‌വാനിയെയും സഹോദരൻ മുഹമ്മദിനെയും മരിക്കുന്നതിന് മുമ്പ് ജീവനോടെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ഇവരുടെ മാതാവ്.

22 വർഷം മുമ്പ് സെക്കൻഡറി സ്‌കൂൾ വിദ്യാർഥി 19കാരനായ മുഫ്‌റഫിന് സൈനിക സർവീസിൽ പ്രവേശനം ലഭിച്ചതായുള്ള അറിയിപ്പ് ലഭിച്ചതാണ് സംഭവത്തിന്റെ തുടക്കം. സൈനിക കോളേജിൽ ചേരുന്നതിനായി തായിഫിലേക്ക് പോകണമായിരുന്നു. പോകാനുള്ള ഒരുക്കത്തിനിടെ അനുജൻ മുഹമ്മദിനെ ഒപ്പം കൂട്ടാനുള്ള അനുവാദവും മാതാപിക്കളിൽ നിന്ന് വാങ്ങി. വിദ്യാഭ്യാസമില്ലാത്ത അനുജന് തായിഫിൽ എന്തെങ്കിലും ജോലി ശരിയാക്കിക്കൊടുക്കാം എന്നായിരുന്നു മുഫ്‌റഫിന്റെ കണക്കുകൂട്ടൽ. മുഹമ്മദിനെ കൊണ്ടു പോകുന്നതിനോട് കുടുംബത്തിന് യോജിപ്പില്ലായിരുന്നെങ്കിലും പിന്നീട് മൂത്ത മകന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു.

പിതാവിനൊപ്പം സൗദിയിലെ മറ്റ് നഗരങ്ങളിലേക്ക് ടാക്‌സി ലഭിക്കുന്ന സബ്‌വേയിലെത്തിയ ഇവർ തായിഫിലേക്കുള്ള വണ്ടിക്കായി ഏറെ നേരം കാത്തു നിന്നു. വണ്ടി ലഭിക്കാതായപ്പോൾ തൊട്ടടുത്ത കടയിൽ നിന്ന് സാധനം വാങ്ങാൻ പിതാവ് പോയി തിരിച്ചു വന്നപ്പോഴേക്കും രണ്ട് പേരെയും കാണാനുണ്ടായിരുന്നില്ല. തായിഫിലേക്കുള്ള ടാക്‌സിയിൽ കയറിപ്പോയതാണോ മറ്റെന്തെങ്കിലും അപകടം സംഭവിച്ചതാണോ എന്നതിന് ഇന്നും ഉത്തരമില്ല. അന്നു മുതൽ പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഇന്നും ഇവർ കാണാമറയത്തിരിക്കുകയാണ്.

അന്വേഷണങ്ങൾ പല വഴിക്കും നടത്തി. മാധ്യമങ്ങളിലൂടെ വാർത്തകൾ നൽകി. എന്നിട്ടും ഒരു വിവരവുമില്ല. 22 വർഷം മുമ്പ് കാണാതായ മക്കളെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചില്ലെന്നും അന്വേഷണം ഊർജിതമാക്കണമെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്ക് നേരിട്ട് കത്തയച്ചതായി മാതാവ് പറഞ്ഞു.

Most Popular