തിരുവനന്തപുരം: വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇന്ന് മുതല്‍ ജൂണ്‍ രണ്ട് വരെ 38 വിമാനങ്ങള്‍ സംസ്ഥാനത്തേക്കെത്തുമെന്നു മുഖ്യമന്ത്രി. യുഎഇയില്‍നിന്ന് എട്ട്, ഒമാനില്‍നിന്ന് ആറ്, സൗദ്യയില്നിന്ന് നാല്, ഖത്തറില്‍നിന്ന് മൂന്ന്, കുവൈത്തില്‍നിന്ന് രണ്ട്, ഫിലിപ്പീന്‍സ്, യുകെ, മലേഷ്യ, യുഎസ്എ, ആസ്ത്രേലിയ, ഫ്രാന്‍സ്, ഇന്തോനേഷ്യ, ഇറ്റലി, റഷ്യ, സിങ്കപ്പൂര്‍, അര്‍മേനിയ, തജിക്സ്ഥാന്‍, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങള്‍ വീതവുമാണ് കേരളത്തിലേക്കെത്തുക.
38 വിമാനങ്ങളിലൂടെ 6530 യാത്രക്കാര്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തുനിന്ന് വിമാനം, കപ്പല്‍ മാര്‍ഗം ഇതുവരെ 5,815 പേര് നാട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ മാളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍, ഷോപ്പിങ് കോംപ്ലക്സുകളിലെ 50 ശതമാനം കടകള്‍ ഒരു ദിവസം തുറക്കാം.
ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഹെയര്‍ കട്ടിങ്, ഷേവിങ് ജോലികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാം. ഒരു സമയം രണ്ടിലധികം പേര് അവിടെ കാത്തുനില്ക്കാന് പാടില്ല. ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കരുത്. കസ്റ്റമര്‍ തന്നെ ടവല്‍ കൊണ്ടുപോകുന്നതാണ് ഉത്തമം. ഫോണില്‍ അപ്പോയിന്മെന്റ് എടുക്കുന്ന സംവിധാനം പ്രോത്സാഹിപ്പിക്കണം.
റസ്റ്റോറന്റുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാത്രി ഒന്‍പത് വരെ ഭക്ഷണവിതരണം നടത്താം. എന്നാല്‍ പത്തുവരെ ഓണ്‍ലൈന്‍ ഹോം ഡെലിവിറി അനുവദിക്കും.