Thursday, June 17, 2021
Home Gulf മക്കയില്‍ വനിതാ തീര്‍ഥാടകരെ സേവിക്കാന്‍ സൗദി യുവതികള്‍

മക്കയില്‍ വനിതാ തീര്‍ഥാടകരെ സേവിക്കാന്‍ സൗദി യുവതികള്‍

മക്ക: വനിതാ തീര്‍ഥാടകരെ സഹായിക്കാന്‍ ഹറംകാര്യ വകുപ്പ് 50 സൗദി യുവതികളെ നിയോഗിച്ചു. ‘മുതവ്വിഫ’ എന്ന പേരിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്. പ്രായംചെന്ന വനിതാ തീര്‍ഥാടകരെ അനുഗമിക്കല്‍, വിശുദ്ധ ഹറമിനകത്തെ സ്ഥലങ്ങളിലേക്ക് അവരെ നയിക്കല്‍, വീല്‍ചെയറുകള്‍ ഓടിക്കല്‍, മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിനെ കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍ എന്നീ ചുമതലകളാണ് ഇവര്‍ വഹിക്കുന്നത്. വിശുദ്ധ ഹറമില്‍ 600 ഇലക്ട്രിക് വീല്‍ചെയറുകളും 5,000 സാദാ വീല്‍ചെയറുകളുമുണ്ട്. ഹറംകാര്യ വകുപ്പിനു കീഴിലെ 120 ജീവനക്കാര്‍ ഇവക്ക് മേല്‍നോട്ടം വഹിക്കുന്നു.
വനിതാ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന മേഖലയില്‍ താനടക്കം 50 പേര്‍ അടങ്ങിയ വളണ്ടിയര്‍മാര്‍ ഏഴു വര്‍ഷം മുമ്പാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ‘മുതവ്വിഫ’ രിഹാബ് ആലുമുസാഅദ് അല്‍ഹാരിസി പറഞ്ഞു. തുടക്കത്തില്‍ തങ്ങള്‍ സന്നദ്ധ സേവനമാണ് നടത്തിയിരുന്നത്. പിന്നീട് ഹറംകാര്യ വകുപ്പ് തങ്ങളെ ഔദ്യോഗിക ജീവനക്കാരായി നിയമിക്കുകയായിരുന്നു. ഇപ്പോള്‍ തങ്ങള്‍ക്ക് പ്രതിമാസ വേതനം ലഭിക്കുന്നുണ്ടെന്നും പരലോക പുണ്യം കൂടി ആഗ്രഹിച്ച് നിര്‍വഹിക്കുന്ന ജോലിയില്‍ ഏറെ സന്തോഷവതിയാണെന്നും രിഹാബ് ആലുമുസാഅദ് അല്‍ഹാരിസി പറഞ്ഞു.

Most Popular