Monday, July 26, 2021
Home Gulf അബുദാബിയിൽ റെഡ് സിഗ്‌നൽ ലംഘനത്തിന് 50,000 ദിർഹം പിഴ

അബുദാബിയിൽ റെഡ് സിഗ്‌നൽ ലംഘനത്തിന് 50,000 ദിർഹം പിഴ

അബുദാബി: അബുദാബിയിൽ റെഡ് സിഗ്നൽ ലംഘനത്തിന് ഇനി മുതൽ 50,000 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ വാഹനാപകടനിരക്ക് കുറച്ച് സുരക്ഷിതമായ ഗതാഗത സംവിധാനം നിലവിൽവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പിഴ ഉയർത്തിയത്.

മത്സരയോട്ടം, നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കൽ, പോലീസ് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കൽ എന്നീ കുറ്റകൃത്യങ്ങൾക്കും 50,000 ദിർഹമാണ് പിഴ. ആറ് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. വാഹനത്തിന്റെ എൻജിനിലോ ഷാസിയിലോ അനധികൃതമായി മാറ്റം വരുത്തിയാൽ 10,000 ദിർഹം പിഴ ഒടുക്കണം.

അമിതവേഗം, പെട്ടെന്ന് വഴിമാറുക, അകലം പാലിക്കാതെ വാഹനമോടിക്കുക, സീബ്രാ ലൈനിൽ കാൽനടയാത്രക്കാർക്ക് മുൻഗണ നൽകാതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ അപകടമുണ്ടായാൽ ഡ്രൈവർക്ക് 5,000 ദിർഹമാണ് പിഴ. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാലും 5,000 ദിർഹം പിഴയടയ്ക്കണം. ഇതിനു പുറമേ വാഹനം കണ്ടുകെട്ടുകയും ചെയ്യും.

റോഡിലെ നിശ്ചിത പരിധിയിൽ 60 കിലോമീറ്റർ വേഗം മറികടന്നാൽ 5,000 ദിർഹം പിഴ നൽകണം. അധിക നിയമലംഘനത്തിന് 100 ദിർഹം വീതം പിഴ ചുമത്തും. 7,000 ദിർഹത്തിനു മുകളിലുള്ള എല്ലാ പിഴകളും ഒറ്റത്തവണയായി തന്നെ അടയ്ക്കുകയും വേണമെന്ന് അധികൃതർ വ്യക്തമാക്കി.

പിടിച്ചെടുത്ത വാഹനം മൂന്ന് മാസത്തിനുശേഷം തിരിച്ചെടുത്തില്ലെങ്കിൽ ലേലത്തിനു വയ്ക്കും.
അമിതവേഗം, വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതിരിക്കുക, പൈട്ടന്ന് ലൈൻ മാറുക എന്നിവയാണ് പ്രധാന അപകടകാരണങ്ങളെന്ന് അബുദാബി പോലീസ് സെൻട്രൽ ഓപറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അബ്ദുല്ല അൽ സെഹി പത്രസമ്മേളനത്തിൽ അറിയിച്ചു. നിയമലംഘനങ്ങൾക്ക് പിഴയടക്കമുള്ള ശിക്ഷാവിധികൾ കർശനമാക്കുന്നതോടെ അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Most Popular