മക്ക: അവധി ദിവസം കൂട്ടുകാരോടൊപ്പം ചൂണ്ടയിടാൻ പോയി കാണാതായ പ്രവാസി മലയാളിയെ വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം അങ്ങാടിപ്പുറം വൈലോങ്ങര ആശാരിപ്പടി സ്വദേശി മൂന്നാക്കൽ മുഹമ്മദലി (48)യാണ് ശനിയാഴ്ച ജിദ്ദക്കടുത്ത് ശുഹൈബയിൽ മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിച്ചു കൊണ്ടിരിക്കെ ശക്തമായ പൊടിക്കാറ്റ് വീശിയതോടെ എല്ലാവരും വാഹനത്തിനു സമീപത്തേക്ക് തിരിച്ചെങ്കിലും അവിടെയെത്തിയെത്തിയപ്പോഴാണ് മുഹമ്മദലി കൂടെയില്ലെന്ന് മനസ്സിലാകുന്നത്. പരസ്പരം കാണാൻ കഴിയാത്ത കാറ്റായിരുന്നെങ്കിലും പരിസരത്ത് തിരച്ചിൽ നടത്തി. മീൻ പിടിക്കാനിരുന്നിരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ചൂണ്ടയും മാസ്കും കണ്ടെത്തി. തുടർന്നുള്ള അന്വേഷത്തിലാണ് വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
മക്കയിലെ ബജറ്റ് റെൻഡ് എ കാർ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: പരേതനായ മൂന്നാക്കൽ സൂപ്പി. മാതാവ്: ഖദീജ വഴിപ്പാറ. ഭാര്യ: പാലത്തിങ്ങൽ റജീന പെരിന്തൽമണ്ണ. മക്കൾ: ജിൻസിയ, സിനിയ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും.