Wednesday, June 23, 2021
Home Gulf 16 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട; കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി അബൂദാബി

16 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട; കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി അബൂദാബി

അബുദാബി: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ യാത്രാ-ക്വാറന്റൈന്‍ നിബന്ധനകളില്‍ മാറ്റം വരുത്തി അബുദാബി. ഡിസംബര്‍ 24 മുതല്‍ അബുദാബിയില്‍ വീണ്ടും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.

വിദേശത്ത് നിന്നെത്തുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതിന് പുറമെ അബുദാബിയില്‍ പ്രവേശിച്ച ശേഷം വീണ്ടും പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണം.

16 ‘ഗ്രീന്‍ രാജ്യങ്ങളില്‍’ നിന്ന് വരുന്നവരുടെ പി.സി.ആര്‍ പരിശോധനാ ഫലം ലഭിക്കുന്നതോടെ രാജ്യത്ത് പ്രവേശനം അനുവദിക്കും. ഇവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണം.

ഓസ്ട്രേലിയ, ബ്രൂണെ, ചൈന, ഗ്രീസ്, ഗ്രീന്‍ലാന്റ്, ഹോങ്കോങ്, മലേഷ്യ, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സൗദി അറേബ്യ, സിംഗപ്പൂര്‍, തായ്വാന്‍, താജികിസ്ഥാന്‍, തായ്ലന്‍ഡ്, ഉസ്ബെകിസ്ഥാന്‍, വിയറ്റ്നാം എന്നിവയാണ് ഗ്രീന്‍ രാജ്യങ്ങളായി കണക്കാക്കിയിരിക്കുന്നത്. ഈ പട്ടികയില്‍ എല്ലാ രണ്ടാഴ്ചയിലൊരിക്കലും മാറ്റം വരുത്തിക്കൊണ്ടിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, സാമ്പത്തിക, ടൂറിസ, വിനോദ വിഭാഗങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പരിപാടികള്‍ നടത്താം. ഷോപ്പിങ് സെന്റര്‍, വിനോദ കേന്ദ്രങ്ങള്‍, റസ്റ്ററന്റ്, നഴ്സറി എന്നിവയ്ക്കും ഇളവുണ്ടെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു.

കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും ക്വാറന്റൈന്‍ കാലാവധി 10 ദിവസമാക്കി കുറച്ചു. എട്ടാം ദിവസത്തെ പരിശോധനയില്‍ നെഗറ്റീവായാല്‍ പത്താം ദിവസം പുറത്തിറങ്ങാം. രണ്ടാഴ്ചയില്‍ ഒരിക്കല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട മാറ്റം വരുത്തുമെന്നും അറിയിച്ചു.

വാക്സീന്‍ പരീക്ഷണത്തില്‍ പങ്കാളികളാവുകയും രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ പി.സി.ആര്‍ ടെസ്റ്റിനു വിധേയമാകുകയും ചെയ്യുന്നവര്‍ വിദേശത്തുപോയി തിരിച്ചെത്തിയാലും ക്വാറന്റൈന്‍ വേണ്ട. വ്യവസായ മേഖലകളിലും ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലും കൊവിഡ് പരിശോധന തുടരും.

Most Popular