ദോഹ: ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ പള്ളികളും നമസ്കാരത്തിനായി തുറന്നു നൽകി. പള്ളിയിൽ വരുന്ന പൊതുജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അഞ്ച് നേരത്തെ നമസ്കാരത്തിന് പുറമെ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിന് വരുന്നവരുടെ കാര്യത്തിലും പള്ളിയുടെ ഭരണസമിതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മാസ്ക് ഉപയോഗിക്കുന്നതിലും, സാമൂഹിക അകലം പാലിക്കുന്നതിലും വിട്ടുവീഴ്ച അരുത്. തിരക്ക് നിയന്ത്രിക്കാൻ പള്ളി അധികൃതരുടെ ഭാഗത്ത് നിന്ന് ഇതു വരെ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകാത്തത് ആശങ്ക ഉയർത്തുന്നുണ്ട്.
രാജ്യത്ത് കോവിഡ് വ്യാപനം അവസാനിച്ചുവെന്ന തരത്തിലുള്ള ആളുകളുടെ ഇടപെടൽ കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കും. വിശ്വാസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പള്ളി ഭാരവാഹികൾ നിരന്തരം നിരീക്ഷിക്കണം. നിർദേശങ്ങൾ അവഗണിക്കുന്നത് രാജ്യത്തേക്കുള്ള കോവിഡിന്റെ രണ്ടാം വരവിന് കാരണമാകുമെന്ന് അധികൃതർ ആവർത്തിച്ചു.