Friday, September 17, 2021
Home Gulf ഖത്തര്‍ ദേശീയ ദിന റാലി; ഖത്തര്‍ അമീറും പിതാവും ദോഹ കോര്‍ണിഷിലെ ആഘോഷങ്ങളില്‍ പങ്കാളികളായി

ഖത്തര്‍ ദേശീയ ദിന റാലി; ഖത്തര്‍ അമീറും പിതാവും ദോഹ കോര്‍ണിഷിലെ ആഘോഷങ്ങളില്‍ പങ്കാളികളായി

ദോഹ: ഇന്ന് രാവിലെ ദോഹ കോര്‍ണിഷില്‍ നടന്ന ദേശീയ ദിന റാലിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പിതാവ് അമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി എന്നിവര്‍ പങ്കെടുത്തു. ഖത്തറിലെ കാബിനറ്റ് മന്ത്രിമാരും മറ്റു ഉന്നത സംഘങ്ങളോടൊപ്പവുമാണ് ഇരു നേതാക്കളും കോര്‍ണിഷിലെ ആഘോഷങ്ങളില്‍ പങ്കെടുത്തത്.

പതിനെട്ടോളം പീരങ്കികള്‍ വെടിശബ്ദം ഉയര്‍ത്തിയതോടെയാണ് ഇന്ന് രാവിലെ ദോഹ കോര്‍ണിഷില്‍ ആരംഭിച്ച ദേശീയ ദിനാഘോഷങ്ങള്‍ ഔദ്യോഗിക തുടക്കം കുറിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ അണി നിരത്തി കൊണ്ടുള്ള റാലിയുടെ ആദ്യ ഘട്ടം രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദര സൂചകമായി.

റാലിയില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു കൊണ്ട് അമീര്‍ എഴുനേറ്റു നിന്നു. ഇതാദ്യമായാണ് വൈറ്റ് ആര്‍മി എന്നറിയപ്പെടുന്ന ഖത്തറിലെ ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തെ ദേശീയ ദിനാഘോഷങ്ങളുടെ മുന്‍നിരയില്‍ ഇടം പിടിക്കുന്നത്. ഇത്തവണത്തെ കൊവിഡ് പ്രതിരോധ രംഗത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേക സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു ചടങ്ങ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്.

തുടര്‍ന്ന് കര, വ്യോമ, ജല സൈനികരുടെ പ്രകടനവും റാലിയുടെ ഭാഗമായി അരങ്ങേറി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് വളരെയധികം കരുതലോടെയാണ് ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.

Most Popular