ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിൽ (എച്ച്എംസി) ഓട്ടോമേറ്റഡ് ആന്റിജൻ റാപ്പിഡ് കോവിഡ്-19 പരിശോധനയുടെ പരീക്ഷണ ഘട്ടം തുടങ്ങി. ഈ പരിശോധനയിലൂടെ പത്ത് മിനിറ്റിനുള്ളിൽ ഫലം അറിയാം.
മാനുവൽ പരിശോധനയും ഉടൻ ആരംഭിക്കുമെന്ന് എച്ച്എംസി ലബോറട്ടറി മെഡിസിൻ-പതോളജി വകുപ്പ് അധ്യക്ഷ ഡോ. ഇനിയാസ് അൽ ഖുവാരി അറിയിച്ചു.
മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ നിന്നുള്ള സ്രവമെടുത്ത് പരിശോധിക്കുന്ന പിസിആർ, കൈയ്യിൽ ചെറിയ മുറിവ് ഉണ്ടാക്കി രക്തമെടുത്തുള്ള സെറോളജിക്കൽ, മൂക്കിൽ നിന്ന് സ്രവമെടുത്തുള്ള ആന്റിജൻ റാപ്പിഡ് എന്നിങ്ങനെ മൂന്ന് പരിശോധനകളാണ് നിലവിലുള്ളത്. കുട്ടികളിൽ ഉമിനീർ എടുത്തുള്ള പരിശോധനയുമുണ്ട്.
പിസിആർ പരിശോധനയാണ് ഏറ്റവും കൃത്യതയുള്ളത്. ഉയർന്ന ശരീര താപനില, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരിലാണ് ആന്റിജൻ പരിശോധന നടത്തുന്നത്.