ഖത്തറില്‍ പൊടിയും തണുപ്പും ശക്തം; മുന്നറിയിപ്പുമായി വിദഗ്ധര്‍

ദോഹ: ഖത്തറിലെ നിലവിലെ കാലാവസ്ഥ കണക്കിലെടുത്ത് തണുപ്പിലേക്കും പൊടിപടലങ്ങളിലേക്കും നേരിട്ട് ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്. രാജ്യത്ത് ഇപ്പോഴുള്ള തണുപ്പും കാറ്റും കൂടിയ കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ആസ്ത്മ രോഗികള്‍ക്കും വിട്ടു മാറാത്ത ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രായമായവര്‍ക്കും മുന്നറിയിപ്പ് നല്‍കിയത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (എച്ച്.എം.സി) എമര്‍ജന്‍സി സര്‍വ്വീസ് വിഭാഗം ഡെപ്യൂട്ടി ചെയര്‍ ഡോ. വര്‍ദ അല്‍ സാദ് ആണ് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചത്.

പൊടിപടലങ്ങള്‍ കാരണവും തണുപ്പ് കാരണവും ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാനായി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഫ്ളൂ വാക്സിന്‍ സ്വീകരിച്ചവര്‍ സീസണലായി ഉണ്ടാകുന്ന പകര്‍ച്ചപ്പനിയില്‍ നിന്ന് സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അവര്‍.

അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ ശ്വാസകോശത്തിലെത്തിയാല്‍ അണുബാധ, സൈനസൈറ്റിസ്, അലര്‍ജി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. കൂടാതെ കൃത്യമായ ഇടവേളകളില്‍ പുതിയ മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ എടുത്ത് പറഞ്ഞു.

മുഖവും വായും ഇടയ്ക്കിടെ കഴുകണം. കണ്ണിലും മൂക്കിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കണം. അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പ് തന്നെ പ്രതിരോധ മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങണം. അടുത്തിടെ കണ്ണിനോ മൂക്കിനോ ശസ്ത്രക്രിയ കഴിഞ്ഞവര്‍ ഒരു കാരണവശാലും പൊടിപടലങ്ങളിലേക്ക് ഇറങ്ങരുത്. അലര്‍ജിക് റിനിറ്റിസ്, ആസ്ത്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്നും ഡാ. വര്‍ദ അല്‍ സാദ് പറഞ്ഞു.