ആയുര്‍വേദ ചികിത്സ ഖത്തറിലും; ആദ്യ ലൈസന്‍സ് മലയാളി ഡോക്ടര്‍ ഡോ. രശ്മി വിജയകുമാറിന്

ദോഹ: ഖത്തറിലും ആയുര്‍വേദ ചികിത്സയ്ക്കു തുടക്കമായി. ആയുര്‍വേദ ചികിത്സ നടത്താന്‍ രാജ്യത്ത് ആദ്യമായി ലൈസന്‍സ് ലഭിച്ചത് മലയാളി ഡോക്ടര്‍ക്കാണ്.

2016 ലാണ് ആയുര്‍വേദം, ഹോമിയോപ്പതി, ഹിജാമ, ഞരമ്പ് ചികിത്സ, അക്യുപഞ്ചര്‍ തുടങ്ങിയ സമാന്തര ചികിത്സകള്‍ക്ക് പൊതുജനാരോഗ്യമന്ത്രാലയം അംഗീകാരം നല്‍കിയത്. എങ്കിലും ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പ്രവര്‍ത്തന ലൈസന്‍സ് നല്‍കി തുടങ്ങിയത്.

ഖത്തറിലെ ദുഹെയ്ലില്‍ പ്രവര്‍ത്തിക്കുന്നറെമഡി ആയുര്‍വേദ സെന്റര്‍ ഫോര്‍ ഫിസിയോതെറാപ്പി സെന്റര്‍ ആണ് രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ചികിത്സാ കേന്ദ്രം. ആയുര്‍വേദ ഡോക്ടറായ തിരുവനന്തപുരം സ്വദേശിനി ഡോ.രശ്മി വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഇവിടെ ചികിത്സ ലഭിക്കുന്നത്.

ഖത്തറില്‍ ആയുര്‍വേദ ചികിത്സ നടത്താന്‍ ലൈസന്‍സ് ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ ഡോക്ടറും രശ്മിയാണ്. പ്രാക്ടീസ് നടത്താനുള്ള ലൈസന്‍സ് ലഭിച്ചെങ്കിലും മരുന്നുകളുടെ ലഭ്യത ഉള്‍പ്പെടെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനത്തിന് ഇനിയും കടമ്പകള്‍ ഏറെയുണ്ടെന്ന് ഡോ.രശ്മി പറഞ്ഞു. കിഴി, ധാര തുടങ്ങിയ ചികിത്സകളാണ് നിലവില്‍ റെമഡി സെന്ററില്‍ ലഭിക്കുന്നത്.

എണ്ണ തുടങ്ങി നിശ്ചിത മരുന്നുകള്‍ നല്‍കാനുള്ള ലൈസന്‍സും ലഭിച്ചിട്ടുണ്ട്. അധികം താമസിയാതെ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുന്നതോടെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മികച്ച ആയുര്‍വേദ ചികിത്സ ദോഹയില്‍ തന്നെ ലഭ്യമാക്കാന്‍ കഴിയും.