Friday, June 25, 2021
Home Gulf Bahrain ജി.സി.സി ഉച്ചകോടിക്ക് മുമ്പ് ഖത്തര്‍ ഉപരോധം അവസാനിപ്പിക്കണം'; മൗനം വെടിഞ്ഞ് ബഹ്‌റൈന്‍

ജി.സി.സി ഉച്ചകോടിക്ക് മുമ്പ് ഖത്തര്‍ ഉപരോധം അവസാനിപ്പിക്കണം’; മൗനം വെടിഞ്ഞ് ബഹ്‌റൈന്‍

മനാമ: ഖത്തര്‍ ഉപരോധം ജി.സി.സി ഉച്ചകോടിക്ക് മുമ്പ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ബഹ്‌റൈന്‍. കിംഗ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള സുപ്രീം ഡിഫന്‍സ് കൗണ്‍സിലിന്റെ യോഗത്തിലാണ് ബഹ്റൈന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

”പ്രാദേശിക സംഘട്ടനങ്ങളും തര്‍ക്കങ്ങളും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് നാം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞതായി ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) യോഗം ജനുവരി അഞ്ചിന് സൗദിയില്‍ ചേരാനിരിക്കെയാണ് ഇത്തരത്തിലെരു ആവശ്യവുമായി ബഹ്‌റൈന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഖത്തര്‍ ഉപരോധം പിന്‍വലിക്കാനുള്ള ചര്‍ച്ചകള്‍ സൗദിയും യു.എ.ഇയും സജീവമാക്കിയിരുന്ന സമയത്ത് ബഹ്‌റൈന്‍ മൗനം പാലിക്കുകയാണുണ്ടായത്. ബഹ്റൈന്റെ ബോട്ടുകളും ജെറ്റുകളും ഖത്തറിന്റെ ജല, വ്യോമ അതിര്‍ത്തികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിരിമുറുക്കം ഉടലെടുത്തിരിക്കുന്ന വേളയിലാണ് ബഹ്റൈനിന്റെ പ്രസ്താവന ഉണ്ടായിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.

2017 ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ നയതന്ത്ര-ഗതാഗത-കച്ചവട ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം, ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കണം, അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണം തുടങ്ങിയ ആവശ്യം ഉന്നയിച്ചായിരുന്നു ഉപരോധം.

Most Popular